
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാല് വർഷമായി ഇടതുപക്ഷം ഈ പദ്ധതിയെ തടഞ്ഞുവച്ചതാണെന്നും ഇപ്പോൾ സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയേണ്ടതുണ്ടെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. “പിഎം ശ്രീ ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഇതുവരെ മികച്ച വിദ്യാഭ്യാസാവസരങ്ങൾ സർക്കാർ തന്നെ ഇല്ലാതാക്കിയതാണ്,” അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ നിലപാട് മാറ്റിയതായി സുരേന്ദ്രൻ സൂചിപ്പിച്ചു. “ശിവൻകുട്ടി മാറിയിരിക്കുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു. എന്നാൽ എം.വി. ഗോവിന്ദൻ ഇപ്പോഴും കബളിപ്പിക്കൽ തുടരുകയാണ്,” കെ സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം പിഎം ശ്രീ നടപ്പാക്കിയെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ യുഡിഎഫ്, സിപിഐ എന്നിവരാണ് അനാവശ്യമായ പ്രചാരണങ്ങളുമായി ഇറങ്ങിയതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആറും നടപ്പിലാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. “സിഎഎയും പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പാകും. കുട്ടികൾക്ക് സവർക്കറെയും ഹെഡ്ഗേവാറിനെയും കുറിച്ച് പഠിക്കേണ്ടി വരും. അതാണ് യാഥാർത്ഥ്യം,”- കെ സുരേന്ദ്രൻ പറഞ്ഞു. “സിപിഐ കുരയ്ക്കും, പക്ഷേ കടിക്കില്ല. ബിനോയ് വിശ്വം പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നു. നാലു മന്ത്രിമാരെ രാജിവെപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമോ?” എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
“കരാറിൽ ഒപ്പുവെച്ചശേഷം ഇനി എന്തിനാണ് നാടകം? പിഎം ശ്രീയിൽ ഒപ്പിട്ടാൽ കരിക്കുലം പരിഷ്കാരവും നടപ്പിലാക്കേണ്ടി വരും. ഇരട്ടത്താപ്പ് വേണ്ട,” സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. “സിപിഎം ട്യൂബ് ലൈറ്റ് പോലെയാണ്; ശരി തിരിച്ചറിയാൻ സമയം എടുക്കും. കരാറിൽ ഒപ്പുവെച്ച വിവരം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പോലും അറിഞ്ഞിരുന്നില്ല. ഇപ്പോൾ പിണറായിയും ശിവൻകുട്ടിയും മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.”- കെ സുരേന്ദ്രൻ പറഞ്ഞു.











