
പാലക്കാടിന്റെ പരിസ്ഥിതി തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രൂവറി വിഷയത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബിജെപിയാണെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ബ്രൂവറി വിഷയത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്ന് എല്ലാവർക്കും ബോധ്യമായെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ്. ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലമാണ് പാലക്കാട്. കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുകയാണ്. സംസ്ഥാനത്തിന്റെ പിടിപ്പുകേട് മൂലം ജലജീവൻ മിഷൻ നടപ്പാകുന്നില്ല. ബ്രൂവറിക്ക് വേണ്ടി ഭൂഗർഭജലം ഊറ്റില്ലെന്ന എംബി രാജേഷിന്റെ പ്രസ്താവന വെറുംവാക്കാണെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കേന്ദ്രസർക്കാരെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പ്രതിപക്ഷം ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു











