
മലപ്പുറം: പി വി അൻവറിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. പി വി അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് പാർട്ടിയും മുന്നണിയും നിന്നുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. കോൺഗ്രസും യുഡിഎഫും ഈ നിലപാടിന് തത്വത്തിൽ പിന്തുണ നൽകുന്നുമുണ്ട്. എന്നാൽ, ഈ സാഹചര്യത്തിലാണ് പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി കെ സുധാകരൻ രംഗത്തെത്തിയത്. പി വി അൻവറിനെ കൂടെനിർത്തണം എന്നാണ് സുധാകരൻ വ്യക്തമാക്കിയത്. നിലമ്പൂരിൽ അൻവർ നിർണായക ശക്തിയാണെന്നും സുധാകരൻ തുറന്നടിച്ചു.
കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ:
'അൻവറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രതിപക്ഷനേതാവ് ഒറ്റയ്‌ക്കെടുക്കേണ്ടതല്ല. അത് പാർട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ട തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റ് അധികാരത്തിൽ എത്തിയിട്ടുണ്ട്, അദ്ദേഹവുമായി സംസാരിച്ചിരുന്നു. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുഴുവൻ നേതാക്കളും പങ്കെടുത്തുകൊണ്ടുള്ള ചർച്ച വൈകാതെ നടക്കുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.'
'പാർട്ടിക്കകത്ത് നേതാക്കൾക്ക് വ്യക്തിപരമായ താൽപര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടാകും. വി.ഡി. സതീശൻ പറയുതെല്ലാം പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിനെ പാർട്ടിയുടെ തീരുമാനമായി കാണരുത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത്, അത് മാത്രമാണ് വാരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ ബലാബലം പരിശോധിക്കുന്നതിന്റെ മാനദണ്ഡമെന്ന് ചിന്തിക്കുന്നത് തെറ്റാണ്'.
'നിലമ്പൂരിൽ അൻവർ നിർണായക ശക്തിയാണ്. ആ മണ്ഡലത്തിൽ അൻവറിന്റെ കൈയിലുള്ള വോട്ട് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് മുന്നണിക്ക് തിരിച്ചടിയാകും. യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ തയ്യാറായാൽ അത് പാർട്ടിക്ക് മുതൽക്കൂട്ടാവും. അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണം, പാർട്ടിയുടെ കൂടെ നിർത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നേതൃത്വത്തോടും ഇതുതന്നെയാണ് പറയാനുള്ളത്'.











