02:15pm 17 April 2026
NEWS
കെ സി വേണു​ഗോപാലിനെ പിന്തുണച്ച് കെ സുധാകരൻ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി പോര് രൂക്ഷമാകുന്നു
16/04/2026  06:05 AM IST
nila
കെ സി വേണു​ഗോപാലിനെ പിന്തുണച്ച് കെ സുധാകരൻ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി പോര് രൂക്ഷമാകുന്നു

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുതിയ വിവാദം. മുൻ കെപിസിസി അധ്യക്ഷനും കോൺ​ഗ്രസ് വർക്കിം​ഗ് കമ്മിറ്റി അം​ഗവുമായ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുന്നത്. കെ സി വേണു​ഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന തരത്തിലുള്ളതാണ് കെ സുധാകരന്റെ പോസ്റ്റ്. ഇതിനു പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടത് വി ഡി സതീശനാണെന്ന അഭിപ്രായവുമായി സതീശൻ അനുകൂലുകളും രം​ഗത്തെത്തി. 

കേരളത്തിന് ഇപ്പോൾ കെ സി വേണു​ഗോപാലിന്റെ നേതൃത്വമാണ് വേണ്ടതെന്നും, കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർ സൃഷ്ടിച്ച രാഷ്ട്രീയ പാതയിൽ അദ്ദേഹം മുന്നേറണമെന്നുമായിരുന്നു കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. ഈ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യംവച്ചുള്ളതാണെന്ന വിലയിരുത്തലാണ് സതീശൻ അനുകൂലികളിൽ നിന്നുണ്ടായത്. തുടർന്ന്, സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തി. വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തുടരുമെന്ന നിലപാടും കമന്റുകളിൽ ശക്തമായി ഉയർന്നു. പ്രതികരണങ്ങൾ കടുത്തതോടെ കെ സുധാകരന്റെ കമന്റ് ബോക്സ് വാക്കുതർക്കങ്ങളുടെ വേദിയായി മാറി.

നേരത്തേ, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കെ സുധാകരൻ രം​ഗത്തെത്തിയിരുന്നു. എന്നാൽ, പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ രമേശ് ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. വി ഡി സതീശനെ മുഖ്യമന്ത്രി പദവിയിൽ നിന്നും അകറ്റി നിർത്താൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ചരടുലവലിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img