
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ. സുധാകരനെ മാറ്റാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനുയായികൾ രംഗത്ത്. സുധാകരനെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ അത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയാകെ ബാധിക്കുമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ജയന്ത് ദിനേശ് ഫേസ്ബുക്കിൽ കുറിച്ചു. സുധാകരനെ ഒഴിവാക്കുന്ന തീരുമാനം പാർട്ടിക്കുള്ളിൽ വലിയ പ്രതികരണങ്ങൾക്ക് ഇടയാക്കുമെന്ന സൂചനയാണ് പോസ്റ്റിൽ നൽകുന്നത്. പാർട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോൾ അധികാരസ്ഥാനങ്ങളിൽ സുധാകരനും ഉണ്ടാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്നും ജയന്ത് ദിനേശ് അഭിപ്രായപ്പെട്ടു.
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിനാൽ ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കരുതെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.
2016 ൽ കണ്ണൂർ ഒഴിവാക്കി സിപിഎം സിറ്റിങ് സീറ്റായ ഉദുമയിൽ മത്സരിക്കാൻ പോയ അദ്ദേഹത്തെ അധികാരമോഹിയാക്കാൻ വെമ്പൽ കൊള്ളുകയാണ് പലരും. എന്നാൽ സുധാകരന് അധികാര മോഹമില്ലെന്നും അണികളുടെ മോഹമാണിതെന്നുമാണ് ജയന്തിൻറെ പോസ്റ്റ്. യു.ഡി.എഫിന് ഈസി വാക്കോവറല്ല ഈ തിരഞ്ഞെടുപ്പെന്നും സുധാകരൻ മത്സരിച്ചാൽ കണ്ണൂർ ജില്ലയിലാകെ ഇതിൻറെ ഗുണം ഉണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു.
''എല്ലാവരും കരുതുന്നതുപോലെ യു.ഡി.എഫിന് ഈസി വാക്കോവർ അല്ല ഈ തിരഞ്ഞെടുപ്പ്. സി.പി.എം കോടികൾ മുടക്കി ശക്തമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ കെ.സുധാകരൻ എന്ന വൻമരം മത്സരിച്ചാൽ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സീറ്റുകൾ യുഡിഎഫ് ജയിക്കും. അതിനുവേണ്ടിയാണ് പ്രവർത്തകർ ഒന്നടങ്കം കെ.സുധാകരൻ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്'' എന്നാണ് പോസ്റ്റിലുളളത്.
ജയന്ത് ദിനേശിന്റെ കുറിപ്പിന്റെ പൂർണരൂപം:
സ്വന്തം ജീവനും ജീവിതവും കൊടുത്ത് കണ്ണൂരിലെ പാർട്ടിക്കും പ്രവർത്തകർക്കും തണൽ ഒരുക്കിയ മനുഷ്യനാണ് കെ സുധാകരൻ. ആ മനുഷ്യൻ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കണമെന്നതും യുഡിഎഫിന്റെ മന്ത്രിസഭ ഉണ്ടാകണമെന്നും അതിൽ മന്ത്രി ആകണം എന്നതും ഞങ്ങൾ പ്രവർത്തകരുടെ ആഗ്രഹമാണ്.
ഇത്രയും കാലം മറ്റേതൊരു നേതാവിനെക്കാളും പാർട്ടിയെ ചേർത്തുപിടിച്ച ഞങ്ങളുടെ സുധാകരേട്ടന് ഈ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും തിരിച്ചു കൊടുക്കാൻ കഴിയുന്ന ഏക കാര്യം ഇതാണ് . പലവട്ടം ആ മനുഷ്യനെ പ്രസിഡൻറ് പദവിയിൽ നിന്നും മാറ്റി നിർത്തിയ പാർട്ടിയാണ് നമ്മുടേത്.
2016 ൽ സ്വന്തം കൈപ്പിടിയിലുള്ള കണ്ണൂർ അസംബ്ലി സീറ്റിൽ നിന്നും മാറി ഉദുമ പിടിച്ചെടുക്കാൻ നേതൃത്വം നിശ്ചയിച്ചപ്പോൾ ഒരു എതിർവാക്കും പറയാതെ ഉദുമയിൽ മത്സരിച്ചതും ഓർക്കുക. ഏത് നേതാവുണ്ട് ഇത് പോലെ സ്വന്തം മണ്ഡലം മാറി സി പി എം കോട്ടയിൽ പോയി മത്സരിക്കാൻ? എന്നിട്ടും ആ മനുഷ്യനെ ഇപ്പോൾ അധികാരമോഹിയാക്കാൻ വെമ്പൽ കൊള്ളുകയാണ് പലരും . പല കാര്യങ്ങളിലും
പരിഭവം ഉണ്ടായിട്ടും പാർട്ടിക്കെതിരെ അദ്ദേഹം നിന്നിട്ടില്ല. ഒടുവിൽ പ്രസിഡൻറ് ആയപ്പോഴും പാർട്ടി എന്താണ് കാണിച്ചതെന്ന് ഓരോരുത്തരും ചിന്തിക്കുക.
പഞ്ചായത്ത് മെമ്പർ പോലും ആകാത്ത പ്രവർത്തകരുണ്ട്,
അധികാരമോഹമാണ് എന്നൊക്കെ ന്യായീകരണം ചമച്ച് പാർട്ടിക്കുള്ളിൽ നിന്നുതന്നെ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു മോഹവുമില്ല. എന്നാൽ ഞങ്ങൾ അണികൾക്ക് ആ മോഹമുണ്ട്. ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ഏതൊരു യുവ നേതാവിനെക്കാളും ഏതൊരു നേതാവിനെക്കാളും പാർട്ടി പ്രവർത്തകർക്ക് ഇന്നും വിശ്വസിക്കാൻ പറ്റുന്നത് ഞങ്ങളുടെ സുധാകരേട്ടനെയാണ്. പാർട്ടി അധികാരത്തിലേക്ക് വരുമ്പോൾ അധികാരസ്ഥാനത്ത് അദ്ദേഹം കൂടി ഉണ്ടാകണം എന്ന് ഞങ്ങൾ വിചാരിക്കുന്നതിൽ എന്താണ് തെറ്റ്?
അദ്ദേഹത്തെ വെട്ടിമാറ്റാൻ ആർക്കാണ് തിടുക്കം ?
തോറ്റു പോകുമെന്ന് ശത്രുക്കൾ വിലയിരുത്തിയ സ്ഥലത്ത് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരേട്ടൻ ജയിച്ചു കയറിയത്. ഈ പ്രായത്തിലും അദ്ദേഹത്തിൻറെ ജനകീയതയാണ് അത് വ്യക്തമാക്കുന്നത്. എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവർ അല്ല ഈ തെരഞ്ഞെടുപ്പ്. സിപിഎം കോടികൾ മുടക്കി ശക്തമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ കെ സുധാകരൻ എന്ന വൻമരം മത്സരിച്ചാൽ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സീറ്റുകൾ യുഡിഎഫ് ജയിക്കും. അതിനുവേണ്ടിയാണ് പ്രവർത്തകർ ഒന്നടങ്കം കെ സുധാകരൻ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്
അദ്ദേഹത്തെ വെട്ടിമാറ്റിയെന്ന് പ്രവർത്തകർക്കും ജനങ്ങൾക്കും തോന്നിയാൽ പിന്നെ അത് തിരഞ്ഞെടുപ്പിനെ മുഴുവൻ ബാധിക്കാൻ പോകുന്ന കാര്യമാണ്. മാറിനിൽക്കേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹത്തിനോട് പല വാക്കുകളും നേതൃത്വം പറഞ്ഞിട്ടുണ്ട്. വാക്കു പാലിക്കാതെ ആ മനുഷ്യനെ അപമാനിച്ച് അവസാനിപ്പിക്കാൻ ഏതു നേതാവ് നോക്കിയാലും കയ്യുംകെട്ടി നോക്കി നിൽക്കുന്നവരല്ല കണ്ണൂരിലെ കോൺഗ്രസ് അണികൾ .
കാരണം കോൺഗ്രസ്സും കെ സുധാകരനും കണ്ണൂരിലെ പ്രവർത്തകർക്ക് വെറും വികാരം മാത്രമല്ല ജീവൻ കൂടിയാണ്











