
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റിനോട് നേരിട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ. ഇന്ന് പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വേണുഗോപാലിന്റെ പേര് രേഖാമൂലം തന്നെ ഖാർഗെയ്ക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ ചർച്ച കെ.സി. വേണുഗോപാലിലേക്ക് ചുരുക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു.
വേണുഗോപാലിന്റെ ജനപ്രീതിയും സംഘടനാ കഴിവും കേരളത്തിൽ കോൺഗ്രസിന് നേട്ടമാകുമെന്നാണ് സുധാകരന്റെ വാദം. ഫേസ്ബുക്കിലൂടെ മുൻപ് തന്നെ വേണുഗോപാലിനെ പിന്തുണച്ച് നടത്തിയ പ്രസ്താവനകളുടെ തുടർച്ചയായാണ് ഈ നീക്കം. എന്നാൽ, സുധാകരന്റെ ഈ ‘ഡൽഹി നീക്കത്തിൽ’ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾ അസ്വസ്ഥരാണ്.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചയിൽ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം സുധാകരൻ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ഡൽഹിയിൽ നേരിട്ട് ഇടപെടൽ നടത്തിയത്. എന്നാൽ, ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ പൊതു രംഗത്ത് ഉയരുന്നതിനെതിരെ സംസ്ഥാനത്തിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും എതിർപ്പുണ്ട്. സഖ്യകക്ഷിയായ മുസ്ലിം ലീഗും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രമേശ് ചെന്നിത്തലയേയും വി ഡി സതീശനെയും മറികടക്കാനുള്ള ശ്രമമായാണ് സുധാകരന്റെ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങളും ശക്തമാണ്. പാർട്ടിക്കുള്ളിൽ സ്വന്തം സ്വാധീനം നിലനിർത്താൻ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടുകയാണ് സുധാകരന്റെ ലക്ഷ്യമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കണ്ണൂരിലെ മുൻകാല സ്വാധീനം കുറയുകയും, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ തന്ത്രപരമായ നീക്കമെന്ന വിലയിരുത്തലും ഉയരുന്നു.
അതേസമയം, ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിനും വ്യക്തമായ തീരുമാനമില്ല. സതീശനെയും ചെന്നിത്തലയെയും പരിഗണിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ, ഒത്തുതീർപ്പ് സ്ഥാനാർഥിയായി കെ.സി. വേണുഗോപാലിന്റെ പേര് ശക്തമായി ഉയർന്നുവരികയാണ്.










