
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവിയാണ് പിണറായി വിജയൻ ഏറ്റുപാടുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണമെന്നും കെ സുധാകരൻ പരിഹസിച്ചു. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.
ബിജെപിയുമായി ധാരണയുണ്ടാക്കിയ പിണറായി വിജയൻ ലാവ്ലിൻ കേസ് ഉൾപ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവർത്തിച്ചുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാൻ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോൾ സിപിഎം കോൺഗ്രസിനെ വിമർശിക്കുന്നത്. ബാബ്റി മസ്ജിജ് പൊളിച്ചതും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരിൽ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായി വിജയന് ഫാസിസമല്ലെന്നും കെ സുധാകരൻ പറഞ്ഞു.











