12:26pm 12 November 2026
NEWS
ഡിജിറ്റൽ കേരളത്തിന് കരുത്തായി കെ ഫോൺ ഡിജിറ്റൽ സമത്വത്തിലേക്കുള്ള കേരള മോഡൽ
27/12/2025  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിജിറ്റൽ കേരളത്തിന് കരുത്തായി കെ ഫോൺ ഡിജിറ്റൽ സമത്വത്തിലേക്കുള്ള കേരള മോഡൽ

കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റം കുറിച്ചുകൊണ്ട് കടന്നുവന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് കെഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്. സംസ്ഥാനത്തെ എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന ലക്ഷ്യത്തോടെ 2023-ൽ കേരള സർക്കാർ അവതരിപ്പിച്ച കെഫോൺ 1.4 ലക്ഷം കണക്ഷനുകൾ എന്ന സുപ്രധാന നാഴികകല്ലിലേക്ക് നീങ്ങുകയാണ്.

ഇൻ്റർനെറ്റ് എന്നത് മനുഷ്യൻ്റെ  ദൈനംദിന ജീവിതത്തിൽ  അത്യാവശ്യ ഘടകമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സാമൂഹിക വേർതിരിവോ, താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ചുള്ള വേർതിരിവോ ഇല്ലാതെ സംസ്ഥാനത്തുടെനീളം  കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാണ് കെഫോൺ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്ത് 1,38,154-ലധികം കണക്ഷനുകൾ നല്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്. ഇതിൽ 96,519 ഫൈബർ ടു ദി ഹോം കണക്ഷനുകളും 14,195 ബിപിഎൽ കണക്ഷനുകളുമാണ്. തീർത്തും സൗജന്യമായാണ് ബിപിഎൽ കണക്ഷനുകൾ ഉപഭോക്താക്കൾക്ക് നൽകിവരുന്നത്. വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്കുള്ള കണക്ഷനുകൾ നിലവിൽ ആകെ 27440 ആണ്. 2026-ഓടെ ആകെ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുവാനാണ് കെഫോൺ ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അതേപോലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലി കമ്മ്യൂണിക്കേഷൻ മാർക്കറ്റും ഇന്ത്യയാണ്. 100 കോടിയിലേറെ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി മുന്നേറുന്ന രാജ്യത്തിന്റെ ഇന്റർനെറ്റ് ഉപഭോഗം ഓരോ സെക്കന്റിലും വളർന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് പെനട്രേഷൻ ഉള്ള സംസ്ഥാനം കേരളവുമാണ്. എന്നാൽ, ഇത്രയധികം സാങ്കേതിക പുരോഗതികളുണ്ടായിട്ടും ഇന്നും നമ്മുടെ നാട്ടിൽ ഇൻ്റർനെറ്റ് അപ്രാപ്യമായ പ്രദേശങ്ങളുണ്ട്. സ്വകാര്യ ഇൻ്റർനെറ്റ് സേവനങ്ങളുടെ വർധിച്ചുവരുന്ന ചിലവും എല്ലാ പ്രദേശങ്ങളിലേക്കും കണക്‌ഷനുകൾ എത്തിക്കാനുള്ള പരിമിതികൾക്കുമുള്ള ബദലാണ് കെഫോൺ.

കണക്ടിംഗ് ദി അൺകണക്ടഡ്
  
നഗരങ്ങളിലേത് പോലെ തന്നെ ഗ്രാമപ്രദേശങ്ങളിലും സുതാര്യവും വേഗതയേറിയതുമായ ഇൻ്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് കേരളം. ഇതിന്റെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ 535 ഓളം കുടുംബങ്ങൾക്ക് വാണിജ്യ കണക്ഷനുകൾ നൽകി ഡിജിറ്റൽ ആക്സസ് കുറവുള്ള പ്രദേശങ്ങളിൽ പോലും നെറ്റ്‌വർക്ക് സേവനം എത്തിക്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാണ്. വയനാട് പേര്യ–34 പ്രദേശത്തു ഇൻ്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ അടിസ്ഥാന ആശയ വിനിമയം പോലും സാധ്യമല്ലാത്ത സാഹചര്യത്തിൽ കെഫോണിൻ്റെ കടന്നുവരവ് വലിയ ആശ്വാസമായിരുന്നു. സമാനമായ  പ്രദേശങ്ങളിൽ കെഫോൺ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളും ഒപ്പം തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടുകളും ഉപയോഗിച്ചാണ് സംസ്ഥാനത്തെ ട്രൈബൽ മേഖലകളിൽ കെഫോണ്‍ സേവനം എത്തിക്കുന്നത്.

'കണക്ടിംഗ് ദി അൺകണക്ടഡ്’ എന്ന പേരിൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോട്ടൂരിലെ ചോനാമ്പാറ, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിലും കെഫോൺ കണക്ഷനുകൾ നൽകിയിരുന്നു. എറണാകുളം ജില്ലയിലെ വളന്തക്കാട് പോലുള്ള ഗതാഗത സൗകര്യം പോലും പരിമിതമായ പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷൻ എത്തിച്ചിട്ടുണ്ട്. കോട്ടൂരിൽ നൽകിയ കണക്ഷനിൽനിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ടു പഠന മുറികളിലും 103 വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ നൽകി. വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയ കണക്ഷനുകളിൽനിന്ന് രണ്ട് വൈഫൈ ആക്‌സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. കോട്ടൂരിലെ കണക്ഷനുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ നൽകിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ്. റാന്നി, വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലയിലെ മലയോരമേഖലകൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും കെഫോൺ സേവനം ലഭ്യമാക്കാനായി. 

കണക്ഷനുകളിൽ മുന്നേറി മലപ്പുറം ജില്ല

ഏറ്റവും കൂടുതൽ കണക്‌ഷനുകൾ പൂർത്തിയാക്കിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം കഴിഞ്ഞാൽ കൂടുതൽ കണക്ഷനുകൾ സ്ഥാപിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ആകെ 10073 കണക്ഷനുകളാണ് ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നത്. ഇതിൽ 7996 ഗാർഹിക കണക്ഷനുകളും, 1,840 കണക്ഷനുകൾ സർക്കാർ ഓഫീസുകളും ഉൾപ്പെടുന്നു. കൂടാതെ, കോഴിക്കോട് ജില്ലയിൽ 9899, എറണാകുളം ജില്ലയിൽ 9,478, പാലക്കാട് ജില്ലയിൽ 8,584, കൊല്ലം ജില്ലയിൽ 8,097, തിരുവനന്തുപുരം ജില്ലയിൽ 7,146, കണ്ണൂർ ജില്ലയിൽ 6,075, ഇടുക്കി ജില്ലയിൽ 6,140, വയനാട് ജില്ലയിൽ 6,027, ആലപ്പുഴ ജില്ലയിൽ 4,225, പത്തനംതിട്ട ജില്ലയിൽ 3,161 കണക്ഷനുകളും പൂർത്തിയാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കെഫോൺ 2,449 കണക്ഷനുകളും നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം ഈയടുത്ത് ആയിരം ബിപിഎൽ കണക്ഷനുകൾ കെഫോൺ പൂർത്തിയാക്കിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1050 കടുംബങ്ങൾക്കാണ് കെഫോൺ സൗജന്യ കണക്ഷനുകൾ നൽകിയിരിക്കുന്നത്.

കേരള മോഡൽ പഠിക്കാനായി മറ്റ് സംസ്ഥാനങ്ങളും 

കെഫോണിൻ്റെ വിജയ സാധ്യത മനസിലാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും തങ്ങളുടെ ജനങ്ങൾക്ക് ഹൈസ്‌പീഡ്‌ ഇൻ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള സമാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ശ്രദ്ധേയമാണ്.
കെഫോണിൽ നിന്നും പ്രചോദനം ഉൾകൊണ്ട തമിഴ്‌നാട് സർക്കാർ ഇതേ മാതൃകയിൽ തമിഴ്‌നാട്ടിലും ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് ഫൈബർ നെറ്റ് കോർപറേഷൻ (ടാൻഫിനെറ്റ്) കെഫോൺ ഓഫീസിൽ  സന്ദർശനം നടത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്‌തു. കെഫോൺ പദ്ധതി പ്രാവർത്തികമാക്കിയ രീതി, പ്രവർത്തന പദ്ധതി, ട്രാഫിക് എൻജിനീയറിങ്, പദ്ധതിയുടെ ഗുണഫലങ്ങൾ, ബിസിനസ് മോഡൽ, ആർക്കിടെക്ചർ മികവ്, നെറ്റുവർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, ഹെൽപ്പ് ഡസ്‌ക് മാനേജ്മെന്റ്, ട്രാഫിക്ക് യൂടിലൈസേഷൻ, കസ്റ്റമർ ആൻഡ് നെറ്റുവർക്ക് എസ്എൽഎ (സർവീസ് ലെവൽ എഗ്രിമെന്റ്) മീറ്റിങ്ങ്, നെറ്റുവർക്ക് അപ്ഗ്രഡേഷൻ, കസ്റ്റമർ കംപ്ലയിന്റ്സ് മാനേജ്മെന്റ്റ് തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിക്കുകയും കെഫോൺ നെറ്റുവർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, നെറ്റുവർക്ക് ഇൻഫ്രാസ്ട്രക്ചർ വിശദമായി മനസ്സിലാക്കുന്നതിനായി ഫീൽഡും പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളും ടാൻഫിനെറ്റ് ടീം സന്ദർശിക്കുകയുണ്ടായി.

2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കെഫോൺ

നിയമസഭ, സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകള്‍ എന്നിങ്ങനെ സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രങ്ങളെല്ലാം കെഫോണ്‍ കണക്ടിവിറ്റിയാണ് ഉപയോഗപെടുത്തുന്നത്. ഓൺലൈൻ സർവീസ് അപേക്ഷകൾ, സർട്ടിഫിക്കറ്റ് വിതരണം, ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങെളെല്ലാം സുഗമമായി നടത്താൻ കെഫോണിന്റെ കടന്നുവരവോടെ സഹായകമായിട്ടുണ്ട്. കൂടാതെ 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ഒരുക്കങ്ങളുടെ ഭാഗമായി വയനാട്, ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ കെഫോൺ താത്കാലിക ലീസ് കണക്ഷനുകൾ നൽികിയിരുന്നു. കെൽട്രോൺ വഴി സജ്ജീകരിച്ചിരിക്കുന്ന കണക്ഷൻ തിരഞ്ഞെടുപ്പിന്റെ സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് സഹായകമായി.

സി.എം. വിത്ത് മി പോലെയുള്ള പദ്ധതികളുടെ ഭാഗമായതിലൂടെ കേരളത്തിലെ ജനങ്ങളോടുള്ള കെഫോണിന്റെ പ്രതിബദ്ധത കൂടുതൽ വ്യക്തമാകുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് പഠനനാവശ്യത്തിനും യുവജനങ്ങൾക്ക് പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള പ്രോത്സാഹനവും കെഫോൺ നൽകുന്നു. 

മൂല്യവർധിത സേവനങ്ങളിലേക്ക്

ദേശീയ തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുവാൻ സാധിക്കുന്ന ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ കാറ്റഗറി എ ലൈസൻസ് കൂടി നേടിയതോടെ കെഫോണിന് ഇന്ത്യൻ ബ്രോഡ്ബാൻഡ് വിപണിയിൽ വിശാലമായ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെവിടെയും കെഫോൺ മുഖേന ഇന്റർനെറ്റ് സേവനം നല്കാൻ സാധിക്കും.

കൂടാതെ, കെഫോൺ തങ്ങളുടെ ഒടിടി സേവനങ്ങൾ കൂടി ആരംഭിച്ചതോടെ വിനോദ മേഖലയിലും വലിയ ചുവടുവെയ്പ്പാണ് നടത്തിരിക്കുന്നത്. 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റൽ ടിവി ചാനലുകളുമടങ്ങുന്ന സേവനമാണ്‌ കെഫോൺ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത്‌. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടി പ്ലാറ്റുഫോമുകൾ കെഫോണ്‍ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. 444 രൂപ മുതലുള്ള വിവിധ പാക്കേജുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് തുടങ്ങിയ അഞ്ച് പ്ലാറ്റുഫോമുകൾ കെഫോൺ ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഈ സേവനങ്ങൾ ഒരു മാസം, മൂന്ന് മാസം, ആറു മാസം, ഒരു വർഷം തുടങ്ങിയ പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളാണ് കെഫോണ്‍ ഉപഭോക്താക്കള്‍ക്ക്  ഉറപ്പുനല്‍കുന്നത്. 

വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളുടെ നെടുംതൂണായി കെഫോൺ മാറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കാൾ സെന്റർ കെഫോണിൻ്റെ മറ്റൊരു സവിശേഷതയാണ്. തടസങ്ങൾ ഇല്ലാതെ സുതാര്യവും വേഗതയേറിയതുമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്താൻ കാൾ സെന്റർ വഴി സാധിക്കുന്നു.
സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ കെഫോൺ കണക്ഷനുകൾ നൽകുന്നതിലൂടെ ഡിജിറ്റൽ ലോകത്തെ കുഞ്ഞു കൗതുകങ്ങൾ ആസ്വദിക്കുവാനുള്ള അവസരങ്ങൾ കുട്ടികൾക്കൊരുക്കുന്നതിനും അധ്യാപകർക്ക് ഓൺലൈൻ പരിശീലനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും ഭാഗമാകുന്നതിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് കെഫോൺ ലക്ഷ്യമിടുന്നത്.

പതിനായിരത്തിലേറെ കണക്ഷനുകൾ ഉള്ള 108 സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളാണ് രാജ്യത്തുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിൽ നാല്പതാം സ്ഥാനത്തേക്ക് ഉയരാൻ കെഫോണിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയ നേട്ടം തന്നെയാണ്. വളരെ വിപുലമായ നെറ്റ്‌വർക്ക് സംവിധാനങ്ങളാണ് കെഫോണിനുള്ളത് .
കെഫോണിൻറെ ഗുണമേന്മ ഉയർത്തുന്നതിനായി നടത്തിയ മെറ്റാ കാഷിംഗ് വളരെ ശ്രദ്ധേയമായിരുന്നു. ഈ അപ്‌ഗ്രേഡിലുടെ നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡാറ്റ ഉപയോഗം ഉയരുന്ന സാഹചര്യങ്ങളിൽ സേവന നിലവാരം കുറയാതെ നിലനിർത്താനും ഇത് സഹായകമാകും. ഇതുവഴി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ്സ് വളരെ വേഗത്തിൽ ലഭ്യമാക്കുന്നു. ഇതിലൂടെ വീഡിയോകളുടെ ഗുണമേന്മ മെച്ചപ്പെടുകയും, റീൽസ്, പോസ്റ്റുകൾ തുടങ്ങിയവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അപ്ലോഡ് ചെയ്യുന്നതിനും സാധ്യമായി.
വ്യാപാര മേഖലയിൽ കെഫോൺ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിച്ചിരിക്കുന്നത്. ചെറുകിട വ്യാപാരം, ചെറുകിട സംരംഭങ്ങൾ എന്നിവയിൽ ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുവാനും പണമിടപാടുകൾ വേഗത്തിലും സുരക്ഷിതവുമായി നടത്തുവാനും കെഫോൺ സഹായകമാണ്.
എല്ലാ ജില്ലകളിലേക്കും അതിവേഗത്തിലാണ് കെഫോണിൻറെ വ്യാപനം. 10 കെവി ട്രാൻസ്‌മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ 32000 കിലോമീറ്ററിലധികം കേബിളുകൾ ഇതിനോടകം സംസ്ഥാനത്താകെ സ്ഥാപിച്ചു കഴിഞ്ഞു. മറ്റ് ഐസ്പികളുമായി താരതമ്യം ചെയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കാണ് കെഫോണിന്റേത്.
ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും കെഫോൺ കണക്ഷൻ ലഭിച്ചതോടെ റിമോട്ട് കൗൺസിലിംഗ്, അടിയന്തര രോഗനിർണയം, രോഗികളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുക എന്നിവ കൂടുതൽ എളുപ്പമായി. ഇതുവഴി രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ ആവശ്യവുമായ സമയത്ത് ഉറപ്പാക്കാൻ സാധിക്കുന്നു. 

കെഫോണിന്റെ വളർച്ചയിൽ ഓരോ ഓപ്പറേറ്റർമാരുടെയും പങ്ക് ഏറെ പ്രശംസനീയമാണ്. നിലവിൽ സംസ്ഥാനത്ത് ഏകദേശം 3,000-ത്തിലധികം ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാർ കെഫോണുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു. ആയിരത്തിലധികം കണക്ഷനുകൾ നൽകി പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യ പാർട്ണറെന്ന നേട്ടം സ്പുട്നിക് സ്വന്തമാക്കിയിട്ടുണ്ട്. പുലാമന്തോൾ മേഖലയിലെ കണക്ഷനുകൾ നിലവിൽ സ്പുട്നിക് മുഖേനയാണ് നൽകിവരുന്നത്. കാര്യക്ഷമവും ഉത്തരവാദിത്വപരവുമായ പ്രവർത്തനം കാഴ്ചവെച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ കൈവരിച്ചുകൊണ്ടാണ് സ്പുട്നിക് പ്ലാറ്റിനം കാറ്റഗറി എന്ന അംഗീകാരം നേടിയത്.  
സാമ്പത്തിക സാമൂഹിക വേർതിരിവുകൾ ഇല്ലാതെ സംസ്ഥാനത്തുടനീളം എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യം വിദൂരമല്ല. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കെഫോൺ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. 'ഡിജിറ്റൽ സമത്വം' എന്ന സർക്കാരിന്റെ ആശയത്തിന്റെ പൂർത്തീകരണമാണ് കെഫോൺ. സർക്കാർ നിയന്ത്രണത്തിലുള്ള ഐഎസ്പിയായിട്ടും, വിപണിയിലെ മത്സര സാഹചര്യങ്ങൾക്കിടയിലും ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സേവനം മുന്നോട്ട് കൊണ്ടു പോകാൻ കെഫോണിന് സാധിക്കുന്നു .
കേരളത്തിലെ പ്രധാന ടെക് പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം നൽകുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാകുന്നതോടെ, കേരളത്തിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തിപ്പെടുക മാത്രമല്ല, ടെക് പാർക്കുകളിലെ കമ്പനികൾക്ക് 99.5 ശതമാനം അപ്പ്‌ടൈം, സ്ഥിരത, ഹൈസ്പീഡ് എന്നിവയോടൊപ്പം സുരക്ഷിതമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാകും.

എങ്ങനെ കെഫോൺ പുതിയ കണക്ഷൻ എടുക്കാം?

കെഫോണിന്റെ പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കുന്നതിനായി എൻ്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img