
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും നിലവിലെ ദേവസ്വംമന്ത്രി വി.എൻ. വാസവനിലേക്കും വ്യാപിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ദേവസ്വം ബോർഡിലെ സംഭവവികാസങ്ങളിൽ മന്ത്രിമാരുടെ അറിവില്ലെന്ന വാദം വിശ്വസനീയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇതൊരു സാധാരണ ഭരണപരമായ വീഴ്ചയല്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
“ബോർഡ് പ്രസിഡന്റോ അംഗങ്ങളോ മാത്രം തീരുമാനിച്ച് സ്വർണം മാറ്റി വിൽക്കുന്ന കാര്യങ്ങൾ നടക്കില്ല. ഇത് പോലൊരു പ്രവർത്തനത്തിന് പിന്നിൽ സർക്കാർ തലത്തിൽ അറിവും പിന്തുണയും ഉണ്ടായിരിക്കണം,” മുരളീധരൻ ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെന്നും മന്ത്രിക്ക് ഇടപെടാനാകില്ലെന്നും പറഞ്ഞതിനെയും കെ മുരളീധരൻ കടുത്ത ഭാഷയിൽ വിമർശിച്ചു. “ശബരിമലയിൽ നിന്നുള്ള സ്വർണം പുറത്തേക്ക് നീക്കി വിറ്റതും പിന്നീട് ചെമ്പുപാളികൾ ഘടിപ്പിച്ചതും രഹസ്യമായി നടന്ന കാര്യങ്ങളല്ല. പരസ്യമായാണ് നടന്നത്. മന്ത്രിക്ക് അറിവില്ലെന്ന വാദം സിപിഎമ്മിന്റെ പ്രവർത്തനശൈലിയിൽ വിശ്വസിക്കാൻ പ്രയാസമാണ്,” അദ്ദേഹം പറഞ്ഞു.
ബോർഡിലെ അഴിമതി പരിശോധിക്കേണ്ട അവസാന ഉത്തരവാദിത്തം വകുപ്പുമന്ത്രിയ്ക്കാണെന്നും, അതുകൊണ്ട് തന്നെ അന്വേഷണം മുൻമന്ത്രിമാരിലേക്കും നിലവിലെ മന്ത്രിമാരിലേക്കും എത്താൻ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. “രണ്ടു പ്രസിഡന്റുമാർ അറസ്റ്റിലായിട്ടും, അവരുടെ കൂടെ പ്രവർത്തിച്ച അംഗങ്ങൾക്കൊന്നും ഉത്തരവാദിത്വമില്ലെന്നത് അസംബന്ധമാണ്. പത്മകുമാറിന്റെ നടപടികൾ പാർട്ടിയുടെ അറിവോടെയാണെന്ന വിശ്വാസത്തിലാണ് ഞങ്ങൾ,” എന്നാണ് മുരളീധരന്റെ പ്രതികരണം.











