
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ തിരക്കഥയുടെ ഭാഗമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അത് അറിയാഞ്ഞിട്ടല്ലെന്നും, പൊതുപ്രവർത്തകർ സംശുദ്ധരായിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പരാതി ഗൗരവമായി പരിഗണിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യുവതി വാർത്താസമ്മേളനം നടത്തിയതിനെയും കെ മുരളീധരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവിനോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നു കണ്ടപ്പോൾ പെൺകുട്ടി നിയമത്തിന്റെ വഴി തേടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പൊലീസ് ഞങ്ങളുടെ കൂടെ അല്ലല്ലോ. സർക്കാരിന്റെ കൂടെ അല്ലേ. പൊലീസിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കോടതിയെ സമീപിച്ചാൽ, പല കേസുകളിലും ചോദിക്കുന്നതു പോലെ ഇത്രയും കാലം എവിടെ ആയിരുന്നുവെന്ന ചോദ്യമുണ്ടാകും. പത്രസമ്മേളനം വിളിച്ചു ബഹളമുണ്ടാക്കിയെങ്കിലും പേരു പറയാൻ തയാറായിട്ടില്ല. എന്തിനാണ് പേര് പറയാൻ ഭയപ്പെടുന്നത്. പത്രസമ്മേളനം നടത്തിയ ഉടൻ തന്നെ രാഹുലിന്റെ ഓഫിസിലേക്കു ബിജെപി മാർച്ച് നടത്തി. ജനങ്ങൾ തോൽപ്പിച്ച ആളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇതൊക്കെ ഒരു തിരക്കഥയുടെ ഭാഗമാണ്. ഞങ്ങൾക്ക് അത് അറിയാഞ്ഞിട്ടല്ല. പക്ഷെ പൊതുപ്രവർത്തകർ സംശുദ്ധരായിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പരാതി ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവിനോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നു കണ്ടപ്പോൾ പെൺകുട്ടി നിയമത്തിന്റെ വഴി തേടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്’’– മുരളീധരൻ പറഞ്ഞു.











