
ഒന്നിലേറെ യുവതികൾ ലൈംഗിക പീഡന പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസിനുള്ളിൽ പൂർണമായും ഒറ്റപ്പെടുന്നു. നിലവിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം നേതാക്കൾ രാഹുലിനെ പരസ്യമായും രഹസ്യമായും പിന്തുണച്ചിരുന്നു. എന്നാൽ, രണ്ടാമത്തെ യുവതിയും പരാതി നൽകിയതോടെ രാഹുലിനെതിരെ നേതാക്കൾ പരസ്യമായി രംഗത്തെത്തുകയാണ്. രാഹുലിനെ പാർട്ടിയിൽ നിന്നും പൂർണമായും പുറത്താക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. തെറ്റുതിരുത്തി വരാൻ ഇനി രാഹുലിന് അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയാകും കെപിസിസി സ്വീകരിക്കുകയെന്നും കെ മുരളീധരൻ സൂചന നൽകി.
അതിജീവിത പാർട്ടി അധ്യക്ഷന് ഔദ്യോഗികമായി തന്നെ പരാതി സമർപ്പിക്കുകയും ആ പരാതി കെപിസിസി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. രാഹുൽ ഒരു പാർട്ടിക്കാരനായിരുന്നെങ്കിൽ സ്വാഭാവികമായും പാർട്ടി തലത്തിലാണ് അന്വേഷിക്കുക. പക്ഷേ അദ്ദേഹം പാർട്ടിയിൽ സസ്‌പെൻഷൻ നേരിടുന്നതിനാലാണ് കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറിയത്. രാഹുലിന്റെ കാര്യത്തിൽ പാർട്ടി എത്രയും തീരുമാനം വേഗം കൈക്കൊള്ളുമെന്നും മുരളീധരൻ വ്യക്തമാക്കി.
സസ്‌പെൻഷൻ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി അനുവർത്തിച്ചു വരുന്നതെങ്കിലും ഇക്കാര്യത്തിൽ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തിൽ ശക്തമായിട്ടുള്ള നടപടി പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. രാഹുലിന് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. ഇപ്പോൾ ഏതാണ്ട് നാടൻ ഭാഷയിൽ പറഞ്ഞാൽ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയം ആയിട്ടുണ്ട്.
പാർട്ടി രാഹുലിനെ സസ്‌പെൻഡ് ചെയ്ത സമയത്ത് രേഖാമൂലമുള്ള പരാതിയും രാഹുലിനെതിരേ സർക്കാരിന്റെയോ പാർട്ടിയുടെയോ മുന്നിൽ ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ രേഖാമൂലമുള്ള പരാതി സർക്കാരിന്റെയും പാർട്ടിയുടെയും മുന്നിലുണ്ട്. ഇനി എംഎൽഎ സ്ഥാനത്ത് തുടരണോ എന്നത് രാഹുൽ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ മുരളീധരൻ, അല്ലെങ്കിൽ നടപടി എടുക്കേണ്ടത് സ്പീക്കറാണെന്നും ചൂണ്ടിക്കാട്ടി. പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക് അതിൽ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ ചെയ്യാത്ത വ്യക്തി പാർട്ടിക്ക് പുറത്താണ്. പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ് അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു ജന പ്രതിനിധി, ഇവർക്കൊന്നും ഇമ്മാതിരി പ്രവൃത്തി ചെയ്യാൻ കഴിയില്ല. കാരണം ഒരുപാട് ഔദ്യോഗിക ജോലികളും പാർട്ടി ജോലികളും ഒക്കെയുള്ള ആൾക്കാർ ഈ പറയുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കിൽ അവർ പൊതുരംഗത്ത് എന്ന് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ യോഗ്യനല്ല. പുകഞ്ഞ കൊള്ളി പുറത്ത്, ആ പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തു പോകാമെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു കോൺഗ്രസ് നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും ശക്തമായ വിമർശനമാണ് മുരളീധരൻ നടത്തിയിരിക്കുന്നത്. രാഹുലിനെതിരെ കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. രാഹുൽ ഇനി കോൺഗ്രസ് നേതാവായി തുടരില്ലെന്ന സന്ദേശം തന്നെയാണ് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരൻ നൽകുന്നത്.










