
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർലമെന്ററി പാർട്ടി നേതാവിനെ നാലാം തീയതി ഫലപ്രഖ്യാപനത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നാട്ടുകാരെ കൊണ്ട് വെറുതെ പറയിക്കരുതെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. സംഘനൃത്തമാണ്, ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
'ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരെ പിന്തുണച്ച് കൊണ്ട് ആര് പോസ്റ്റ് ചെയ്താലും ശരിയല്ല. ഇതിന് ഒരു നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ യോഗം ചേർന്ന് വേണം പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കാൻ. നാലാം തീയ്യതി റിസൾട്ട് വന്നതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. ഇപ്പോൾ തന്നെ കയറി ബഹളം വെക്കേണ്ട കാര്യമില്ല. ഹൈക്കമാൻഡ് തന്നെ നിർദേശം കൊടുക്കും. നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കരുത്. ഇപ്പോൾ ആരുടെയും പേരില്ല. തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫായാണ് മത്സരിച്ചത്. വിജയത്തിൽ എല്ലാവർക്കും പങ്കുണ്ട്', കെ മുരളീധരൻ പറഞ്ഞു.










