
തിരുവനന്തപുരം: മുസ്ലിംരാഷ്ട്രവാദത്തെയും എതിർക്കാൻ നമുക്ക് കഴിയണ്ടേ എന്ന ചോദ്യവുമായി സിപിഎം നേതാവ് കെ കെ ശൈലജ. വർഗീയതയ്ക്കെതിരെ പോരാടിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നിയമസഭയിൽ സംസാരിക്കവെ കെ കെ ശൈലജ പറഞ്ഞു. എല്ലാ വർഗീയതയെയും എതിർക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയണമെന്നും എന്നാൽ വടകരയിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
‘വടകരയിൽ മത്സരിച്ച ഒരാളാണ് ഞാൻ. നജീബ് കാന്തപുരം പറഞ്ഞു ഞങ്ങൾക്ക് വേണ്ടി ഗോളടിച്ച മെസി വന്നുവെന്ന്. നജീബ് തർക്കം പറയുന്നില്ല, നല്ല ഗോൾ ആയിരുന്നു. പക്ഷേ ഈ ഗോൾ ലീഗിന്റെ വലയത്തിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ’ ശൈലജ പറഞ്ഞു.
മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയായി ഞങ്ങൾ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയ്യാറാകുന്നുണ്ട്. ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കാൻ നമുക്ക് കഴിയണ്ടെയെന്നും ശൈലജ ചോദിച്ചു. ലൗ ജിഹാദ് ഉണ്ട് എന്ന് ശൈലജ പറഞ്ഞതായി നവമാധ്യമങ്ങളിൽ വ്യാജമായി പ്രചരിപ്പിച്ചു. ഇത് ആരെ ബോധിപ്പിക്കാൻ ആയിരുന്നുവെന്നും കെ കെ ശൈലജ ചോദിച്ചു. ആരാണ് ഇത് ചെയ്തതെന്ന് മനസ്സിലായിട്ടുണ്ട്. രാഷ്ട്രീയ ധാർമ്മികത കാണിച്ചില്ലെങ്കിൽ വരും നാളുകളിൽ അപകടം വരാനിരിക്കുന്നുണ്ട് എന്നും ശൈലജ കൂട്ടിച്ചേർത്തു.











