
പരിയാരം കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ്(42) കഴിഞ്ഞ ദിവസം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി നമ്പ്യാർ. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സന്തോഷിനെയും ഇയാൾക്ക് തോക്ക് നൽകിയ സിജോ ജോസഫിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സഹപാഠികളായിരുന്ന സന്തോഷും മിനിയുമായുള്ള പ്രണയബന്ധം വിലക്കിയതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് മിനിക്കെതിരായ കേസ്.
മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടിൽവച്ചായിരുന്നു രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊന്നത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു.
ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്.
പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.











