12:39pm 25 August 2026
NEWS
മകളെ പാർട്ടിയിൽ നിന്നും പുറത്താക്കി കെ.ചന്ദ്രശേഖര റാവു
02/09/2025  05:49 PM IST
nila
മകളെ പാർട്ടിയിൽ നിന്നും പുറത്താക്കി കെ.ചന്ദ്രശേഖര റാവു

 

ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കെ ചന്ദ്രശേഖര റാവു സ്വന്തം മകളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സമീപകാലത്ത് കവിതയുടെ  പെരുമാറ്റവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് കോട്ടമുണ്ടാക്കിയെന്നത് പാർട്ടി നേതൃത്വം ഗൗരവമായെടുത്തുവെന്നാണ് കവിതയെ പുറത്താക്കിയത് സംബന്ധിച്ച പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.  

 ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനെതിരെയും കവിത കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. നിലവിലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചേർന്ന് ഹരീഷ് റാവുവും രാജ്യസഭ മുൻ എംപി സന്തോഷ് കുമാറും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കവിതയുടെ ആരോപണം. കെസിആർ ആരോപണവിധേയനായ കലേശ്വരം പദ്ധതി ക്രമക്കേട് കേസിന്റെ അന്വേഷണം കോൺഗ്രസ് സർക്കാർ സിബിഐക്ക് കൈമാറിയതിനു പിന്നാലെയായിരുന്നു കവിതയുടെ ആരോപണം. തന്റെ പിതാവ് മുത്തു പോലെ ശുദ്ധമാണെന്ന് തെളിയിക്കപ്പെടുമെന്നും അവർ പറഞ്ഞു.

ഏറെനാളായി നേതാക്കൾക്കെതിരെ പരസ്യ വിമർശനം നടത്തുന്ന കവിത പാർട്ടിക്ക് തലവേദനയായിരുന്നു. കവിതയെ അടിയന്തരമായി സസ്പെൻ‍ഡ് ചെയ്യാൻ ചന്ദ്രശേഖര റാവു തീരുമാനിക്കുകയായിരുന്നെന്നും പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img