
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേടിയ മികച്ച മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. നിലവിലുള്ള അനുകൂല സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനിർത്തുന്നതിനായാണ് കോൺഗ്രസും യുഡിഎഫും പരിശ്രമിക്കുന്നത്. ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി പദവിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കരുനീക്കങ്ങളും കോൺഗ്രസിനകത്ത് ശക്തമാകുകയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതകൾ മുന്നിൽക്കണ്ട് കൂടുതൽ സജീവമായി രംഗത്തിറങ്ങുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇതിനോടകം തന്നെ സജീവമായ സതീശനും ചെന്നിത്തലക്കും പുറമെ, കെ.സി. വേണുഗോപാൽ കൂടി സംസ്ഥാന തലത്തിൽ കൂടുതൽ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസ് നേതാക്കളിൽ ആത്മവിശ്വാസം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രി ആരാകണമെന്നത് പാർലമെന്ററി പാർട്ടി തീരുമാനിക്കുമെങ്കിലും, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ കൈയിലായിരിക്കും. കഴിഞ്ഞ നിയമസഭാ കാലയളവിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നുവെങ്കിലും, ഹൈക്കമാൻഡ് വി.ഡി. സതീശനെയാണ് പിന്തുണച്ചത്.
2026ൽ ഭരണം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് മുന്നേറുന്നത്. അടുത്തിടെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ഏകദേശം 89 സീറ്റുകളിൽ മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലും ഉയർന്നു. ഇതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ രാഷ്ട്രീയ പ്രതിഫലനവും നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കേണ്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ന് കൊച്ചിയിൽ യുഡിഎഫ് യോഗം ചേരും. തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ള ആരോപണവും ശക്തമായി ഉയർത്തിക്കാട്ടി സമരങ്ങൾ കടുപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.
മുന്നണി വിപുലീകരണത്തിനായും യുഡിഎഫ് ആലോചിക്കുന്നു. പി.വി. അൻവറിനെയും സി.കെ. ജാനുവിനെയും മുന്നണിയിൽ ഉൾപ്പെടുത്താനുള്ള ധാരണ നിലവിലുണ്ടെന്നും, നാളത്തെ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. കൂടാതെ സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കാനും സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാനും യുഡിഎഫ് നേതൃത്വം ആലോചന തുടങ്ങി.











