
കൊല്ലം: മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ കെ എസ് യു നേതാവ് ഡിജിപിക്ക് പരാതി നൽകി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയത്. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ട സംഭവത്തിൽ മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
ഈ സംഭവം മന്ത്രിയുടെ ഭാര്യ നേരിൽ കണ്ടതായും തുടർന്ന് അവർ അടിയന്തര സേവനമായ 112-ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ പരാതിയിൽ പൊലീസ് ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് ഡിജിപിയെ സമീപിച്ചതെന്ന് യദു കൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ചേർന്ന് മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു. അതിനാൽ മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫ് അംഗങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് യദു കൃഷ്ണൻ ആവശ്യപ്പെട്ടു.











