10:26pm 01 June 2026
NEWS
അണ്ണാമലൈ ബിജെപി വിടുമോ? പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അണികൾ
01/06/2026  03:43 PM IST
nila
അണ്ണാമലൈ ബിജെപി വിടുമോ? പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അണികൾ

ചെന്നൈ: തമിഴ്നാട്ടിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഈ ആഴ്ച തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണ്ണാമലൈ അനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് അണ്ണാമലൈ തന്നെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം പറഞ്ഞു. അണ്ണാമലൈയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാത്തതിനാലാണ് വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ സന്ദർശനം കഴിഞ്ഞ് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ അണ്ണാമലൈ ഉടൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ നടൻ രജനികാന്തുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തേകിയിരിക്കുകയാണ്.

തമിഴ്നാട്ടിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചിരുന്നു. പാർട്ടിയുടെ പേരും കൗതുകമുണർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് ‘മക്കൾ ശക്തി’ എന്ന പേരിലുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

അണ്ണാഡിഎംകെയുമായുള്ള സഖ്യരാഷ്ട്രീയത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് അണ്ണാമലൈയെ മാറ്റിയതിനു പിന്നാലെ അദ്ദേഹം പാർട്ടിയുമായി അകൽച്ചയിലാണെന്ന വിലയിരുത്തലുകൾ നേരത്തേ തന്നെ ഉയർന്നിരുന്നു. വോട്ടെണ്ണലിന് മുമ്പ് തന്നെ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മികച്ച മുന്നേറ്റം നടത്തുമെന്ന പ്രവചനം നടത്തിയ അണ്ണാമലൈ, അടുത്തിടെ അടുപ്പമുള്ളവരോട് “ഒരു സർപ്രൈസ് വരാനുണ്ട്” എന്നും പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതാണ് പുതിയ പാർട്ടി പ്രഖ്യാപനമെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചാരണം.

സിബിഎസ്ഇയുടെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റും പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇന്ധനമായി. ആദ്യം ഒരു സന്നദ്ധസംഘടനയായി പ്രവർത്തനം ആരംഭിച്ച് പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്.

അതേസമയം, കേന്ദ്ര നേതൃത്വത്തിലും മന്ത്രിസഭയിലും പുനഃസംഘടനയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ, ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നതിനായുള്ള അണ്ണാമലൈയുടെ സമ്മർദതന്ത്രത്തിന്റെ ഭാഗമാണ് ഈ അഭ്യൂഹങ്ങളെന്ന വിലയിരുത്തലും ബിജെപി വൃത്തങ്ങളിൽ ഉയരുന്നുണ്ട്. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായ അണ്ണാമലൈയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img