09:37pm 05 June 2026
NEWS
കെ അണ്ണാമലൈ ബിജെപി വിട്ടു
05/06/2026  11:34 AM IST
NILA
കെ അണ്ണാമലൈ ബിജെപി വിട്ടു

തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജിക്കത്ത് ദേശീയ അധ്യക്ഷൻ നിതിൻ നബീന് സമർപ്പിച്ചിരുന്നു. അഞ്ചു പേജുകളുള്ള രാജിക്കത്ത് നേതൃത്വം പരിശോധിച്ച ശേഷമാണ് രാജി അംഗീകരിച്ചത്. അതേസമയം, ബിജെപി വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കു മറുപടി നൽകാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ നേരത്തെ അറിയിച്ചിരുന്നു.

അടുത്തിടെ ഡൽഹിയിൽ എത്തിയ അണ്ണാമലൈ, നിതിൻ നബീൻ, അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാജി സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം പുനഃപരിശോധിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നു രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജി സ്വീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചതിന് ശേഷം അണ്ണാമലൈ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്നിരുന്നു. ഇതോടെയാണ് അദ്ദേഹം ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. സൗഹാർദപരമായി പാർട്ടിയിൽ നിന്ന് പിന്മാറാനും പുതിയ രാഷ്ട്രീയ ദിശ തേടാനുമാണ് ആഗ്രഹമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾ തമിഴ്‌നാട്ടിൽ ശക്തമാണ്. ഇക്കാര്യത്തിൽ നിർണായക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. വിജയിന്റെ തമിഴക വെട്രി കഴകം ഉൾപ്പെടെ നിലവിലുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരില്ലെന്ന് അണ്ണാമലൈ നേരത്തെ വ്യക്തമാക്കിയിരുന്നു.

എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തോടുള്ള അസ്വാരസ്യവും, ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യവുമായി കൂടുതൽ അടുപ്പം കാണിക്കുന്ന ബിജെപി നിലപാടിനോടുള്ള വിയോജിപ്പുമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് സൂചന. കോയമ്പത്തൂരിൽ “ഭയമില്ലാത്ത മനസ്സിന് അതിരുകളില്ല” എന്ന സന്ദേശത്തോടുകൂടിയ അണ്ണാമലൈയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും അദ്ദേഹത്തിന്റെ അനുയായി സംഘടനയായ ‘അണ്ണാമലൈ അൻപ് കൂട്ടം’ പ്രവർത്തനം സജീവമാക്കിയതും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകി.

മൂന്നു ഭാഷാ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി അണ്ണാമലൈ പലപ്പോഴും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, എഐഎഡിഎംകെ നേതാക്കളായ സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവരെ കുറിച്ചുള്ള മുൻ പരാമർശങ്ങൾ സഖ്യബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുകയും, പിന്നീട് സഖ്യകക്ഷിയുടെ സമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിൽക്കുന്നു. അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നതിലേക്കാണ് ഇപ്പോൾ തമിഴ്‌നാട്ടിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img