
ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ സംരംഭത്തിന് തമിഴ്നാട്ടിൽ ശ്രദ്ധേയമായ ജനപിന്തുണ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. 'വി ദ ലീഡേഴ്സ്' എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ വളണ്ടിയർ രജിസ്ട്രേഷൻ പ്ലാറ്റ്ഫോമിൽ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ എട്ട് ലക്ഷത്തിലധികം പേർ പേരുചേർത്തതായാണ് വിവരം. വിവിധ മേഖലകളിൽ സ്വാധീനമുള്ള അൻപതിലധികം പ്രാദേശിക നേതാക്കളും ബിജെപിയിൽ നിന്നും രാജിവെച്ച് അണ്ണാമലൈക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപ്പമെത്തിയിട്ടുണ്ട്. ബിജെപി പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് അണ്ണാമലൈക്കൊപ്പം ചേരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സാധാരണ ജനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരികയും അഴിമതിരഹിത ഭരണസംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നതാണ് തന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു. നിലവിൽ സംഘടനാ രൂപത്തിൽ പ്രവർത്തനം ആരംഭിച്ച ഈ കൂട്ടായ്മ ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ സജീവ സാന്നിധ്യം ഉറപ്പാക്കുകയാണ് ആദ്യഘട്ട ലക്ഷ്യമെന്നാണ് സൂചന. പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് നടൻ രജനികാന്തിന്റെ പിന്തുണയും ആശീർവാദവും ലഭിച്ചിട്ടുണ്ടെന്ന് അണ്ണാമലൈ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് 'മക്കൾ മേട' എന്ന പേരിൽ സാമൂഹിക പ്രവർത്തന വേദി ആരംഭിച്ചതും തമിഴ്നാട്ടിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദ്രാവിഡ പാർട്ടികളുടെ ആധിപത്യം നിലനിൽക്കുന്ന തമിഴ്നാട്ടിൽ നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സൃഷ്ടിച്ച ചലനങ്ങൾക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ പുതിയ നീക്കം. ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ച പ്രതീക്ഷിച്ച രീതിയിൽ മുന്നേറാത്ത സാഹചര്യത്തിൽ, സ്വന്തം രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കാനുള്ള ശ്രമമായാണ് അദ്ദേഹത്തിന്റെ പുതിയ സംരംഭത്തെ വിലയിരുത്തുന്നത്.










