
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്വദേശമായ മലപ്പുറം തിരൂർകാട്ടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
മത-വിദ്യാഭ്യാസ രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ പ്രിൻസിപ്പലായും എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945-ലായിരുന്നു ജനനം. 2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്.
ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.
ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ, തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡന്റ്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം തുടങ്ങിയവ വഹിച്ചിരുന്നു. കാസറകോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി അദ്ദേഹം വഹിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിത നായ അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യൻ മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ആലിക്കുട്ടി മുസ്ലിയാർ. മുസ്ലിം വേൾഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം കൂടിയായിരുന്നു അദ്ദേഹം. 1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ (ഇഫ്ലു) സിലബസ് രൂപീകരണ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2008-ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ശിഹാബ് തങ്ങൾക്ക് പകരക്കാരനായി അദ്ദേഹം പങ്കെടുത്തു. 2011-ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും, 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും അദ്ദേഹം തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
2003 മുതൽ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം, 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മന്ത്രിയല്ലാത്ത ഒരാൾ ചെയർമാൻ പദവിയിൽ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരുടെ നിയമനത്തോടെയാണ്. എസ്.വൈ.എസ്. ജനറൽ സെക്രട്ടറിയായി 1992 മുതൽ 2016 വരെ അദ്ദേഹം പ്രവർത്തിച്ചു. 2004 മുതൽ സംസ്ഥാന മുസ്ലിം ഓർഫനേജ് കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അൽ മുഅല്ലിം, അൽ നൂർ മാസികകളുടെയും സുന്നി അഫ്കാറിന്റെയും ചീഫ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.










