
രാജ്യമാകെ കടുത്ത വേനലിൽ ഉരുകിയൊലിക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശം. ചൂടിനെ പ്രതിരോധിക്കാൻ എസിയുടെ ആവശ്യമില്ലെന്നാണ് സിന്ധ്യ പറയുന്നത്. പകരം ഒരു ഉള്ളി എടുത്തു പോക്കറ്റിലിട്ടാൽ ചൂടിനെ പ്രതിരോധിക്കാമെന്നാണ് മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ സിന്ധ്യ അവകാശപ്പെട്ടത്. ജൂൺ മാസത്തിലെ ചൂടിൽ തല മറയ്ക്കണമെന്നും കയ്യിൽ ഒരു ഉള്ളി കരുതണമെന്നും ഒപ്പം ദൈവനാമം ജപിക്കണമെന്നുമാണ് സിന്ധ്യയുടെ നിർദ്ദേശം.
'എൻറെ കാറിൽ ഞാൻ എയർ കണ്ടീഷനിങ് ഉപയോഗിക്കാറില്ല, എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറുമില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ചോദിക്കുമ്പോൾ, 'ഇത് ചമ്പൽ സ്കിൻ' എന്ന് ഞാൻ പറയും. മറ്റൊരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ, ഞാൻ കാണാൻ അൽപ്പം ചെറുപ്പമാണ്, പക്ഷേ എൻറെ ആത്മാവ് വളരെ പ്രായമായിരിക്കുന്നു. നിങ്ങളുടെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുക. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാവരും പെട്ടികൾ ചുമക്കുന്നു. വാർത്താവിനിമയ മന്ത്രി ഉള്ളി ചുമക്കുന്നു. ഇതൊക്കെ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ, നമ്മൾ ഇവ മറക്കരുത്,' സിന്ധ്യ പറഞ്ഞു.
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നതിനിടെയാണ് സിന്ധ്യയുടെ പരാമർഷം. ഡൽഹിയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും യെല്ലോ അലേർട്ടാണ്. താപനില 45 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യപ്രദേശിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഉഷ്ണ തരംഗം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴര മുതൽ പന്ത്രണ്ടര വരെയാക്കി. ഒഡീഷയിൽ ഇന്ന് മുതൽ വേനൽ അവധി ആരംഭിച്ചു.










