
പാകിസ്ഥാനുവേണ്ടി ചാരവൃത്തിചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലെ ബിജെപി നേതാക്കൾക്കൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമൊപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘ട്രാവൽ വിത്ത് ജോ’ എന്ന തന്റെ യുട്യൂബ് ചാനലിൽ ജ്യോതി മൽഹോത്ര ഇവരുമൊത്തുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
2023 സെപ്റ്റംബറിൽ വന്ദേഭാകതിന്റെ ഉദ്ഘാടന യാത്രയിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി ബിജെപി നേതാക്കൾക്കൊപ്പം യാത്ര ചെയ്തത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസായിരുന്നു ഇത്. യാത്രയ്ക്കിടെ വി.മുരളീധരനോട് വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മൽഹോത്ര ആരായുകയും ചെയ്തിരുന്നു
നേത്രാവതി എക്സ്പ്രസിലാണ് അന്ന് ജ്യോതി മുംബൈയിൽനിന്ന് കാസർകോട്ട് എത്തിയത്. തുടർന്ന് വന്ദേഭാരതിൽ തിരുവനന്തപുരത്തു വരികയും അവിടെനിന്ന് നേത്രാവതിയിൽ തന്നെ മുംബൈയിലേക്ക് മടങ്ങുകയുമായിരുന്നു. ഇതിനു മുൻപ് ഓഗസ്റ്റിലും ജനുവരിയിലും ജ്യോതി മൽഹോത്ര കേരളത്തിലെത്തിയിരുന്നു. ജനുവരിയിൽ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് സംസ്ഥാന ടൂറിസം വകുപ്പാണെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ബിജെപി നേതാക്കൾക്കൊപ്പം ജ്യോതി യാത്ര ചെയ്യുന്ന വിഡിയോയും പുറത്തുവരുന്നത്.











