
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത വനിതാ വ്‍ലോഗർ ജ്യോതി മൽഹോത്രയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജ്യോതി തുടർച്ചയായി പാകിസ്ഥാൻ സന്ദർശനം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പും യുവതി പാകിസ്ഥാനിൽ പോയിരുന്നു. ഉന്നത പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള യുവതിയുടെ ബന്ധവും ഇവരുടെ വരുമാനവുമെല്ലാം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഹരിയാന പൊലീസീനു പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്യോതിയെ വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലാണ് യുവതിയുള്ളത്. ജ്യോതിയുടെ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. യുട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം വച്ച് ഇത്രയും വിദേശ യാത്രകൾ നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. പുറത്തുനിന്ന് ജ്യോതിക്ക് പണം ലഭിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഇന്ത്യയിലെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരെ പാക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹരിയാന പൊലീസ് അധികൃതർ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് ഹരിയാന പൊലീസ് നൽകുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽനിന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.
പാകിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിനു മുൻപ് ഇവർ നടത്തിയ പാക് സന്ദർശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ജ്യോതി നടത്തിയ ചൈനീസ് സന്ദർശനത്തിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകുകയാണ്. അതേസമയം പാക് ചാരപ്പണി നടത്തിയ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് ജ്യോതിയുടെ കുടുംബം. നടക്കുന്നത് ഗൂഢാലോചനയാണെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു. 33 കാരിയായ ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉള്ളത്.











