
ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായ വനിതാ വ്‍ലോഗർ ജ്യോതി മൽഹോത്രക്ക് പാകിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ ഉടമയായ ജ്യോതി മൽഹോത്രയെ ഹിസാറിൽനിന്നാണ് ശനിയാഴ്ച ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി യുവതിക്കുള്ള അടുപ്പം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ നടന്ന ഇഫ്താർ പാർട്ടിയിൽ ജ്യോതിയും പങ്കെടുത്തിരുന്നു. ഇവിടെവച്ചാണ് യുവതി നയതന്ത്ര ഉദ്യോഗസ്ഥരുമായി ദീർഘനേരം സംസാരിച്ചത്. തനിക്ക് പാകിസ്ഥാനും ചൈനയും സന്ദർശിക്കണമെന്നും യുവതി ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് എന്ന എഹ്സാൻ–ഉർ–റഹീമുമായും ജ്യോതി ദീർഘനേരം സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഡാനിഷിനെ ഇന്ത്യ നേരത്തേ പുറത്താക്കിയിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 30നാണ് യുവതി പാക് ഹൈക്കമ്മീഷനിലെ ഇഫ്താർ വിരുന്നിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഫ്താർ വിരുന്നിനു തന്നെ ഡാനിഷ് ക്ഷണിച്ചുവെന്ന് ജ്യോതി വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഡാനിഷ് തന്നെ ജ്യോതിയെ പാക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അവിടെ സംഘടിപ്പിച്ച ചടങ്ങിലും തനിക്ക് മതിപ്പു തോന്നിയെന്നും ജ്യോതി വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഹരിയാനയിലെ ഹിസാറിലുള്ള തന്റെ വീട് സന്ദർശിക്കാൻ ഡാനിഷിനെയും ഭാര്യയെയും ജ്യോതി ക്ഷണിക്കുകയും ചെയ്തു. പാക് ഹൈക്കമ്മിഷനിലെ ചടങ്ങിനിടെ ജ്യോതി ചൈനീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചൈനീസ് വീസ ആവശ്യപ്പെടുകയും ചെയ്തിരുന്നു.











