
ന്യൂഡൽഹി: മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് പദവികളിൽ മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വിഭു ബഖ്രുവിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തു.
ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റാനും ശുപാർശയുണ്ട്. ഇതോടെ ത്രിപുരയിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിവേക് സിങ് ഠാക്കൂറിനെ ചീഫ് ജസ്റ്റിസായി നിയമിക്കാനാണ് നിർദേശം.
2026 നവംബർ 24-ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. ജാർഖണ്ഡ് ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് നവംബർ 27-ന് വിരമിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബഖ്രുവിന്റെ സ്ഥലംമാറ്റം ശുപാർശ ചെയ്തിരിക്കുന്നത്.
2013-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ബഖ്രു, 2025-ലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. തെലങ്കാന ഹൈക്കോടതിയിൽനിന്നുള്ള ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു നേരത്തേ ആന്ധ്രപ്രദേശ്, തെലങ്കാന ഹൈക്കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.










