06:50pm 10 August 2026
NEWS
നീതിന്യായം ആളുകളിലേക്ക് എത്തണം; കേസ് നമ്പറുകളായല്ല, മനുഷ്യരായി കാണണം: ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
09/08/2026  09:45 AM IST
നിയമകാര്യ ലേഖകൻ
നീതിന്യായം ആളുകളിലേക്ക് എത്തണം; കേസ് നമ്പറുകളായല്ല, മനുഷ്യരായി കാണണം: ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

 

 

 


​ഇൻഡോർ: നിയമസഹായ സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്ന ‘ഒറ്റമൂലി’ രീതിക്ക് പകരം ഓരോ പ്രദേശത്തിന്റെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഇൻഡോറിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) സംഘടിപ്പിച്ച വെസ്റ്റ് സോൺ റീജിയണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് ഒരേ പരിഹാരം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഒരു ആദിവാസി കുടുംബത്തിന്റെ ആവശ്യങ്ങളല്ല ഗോവയിലെ ഒരു മൽസ്യത്തൊഴിലാളിക്കോ, ഗുജറാത്തിലെ ഒരു കുടിയേറ്റ തൊഴിലാളിക്കോ, മുംബൈയിൽ നിയമസഹായം തേടുന്ന ഒരു സ്ത്രീക്കോ ഉള്ളത്. പ്രാദേശിക പ്രശ്നങ്ങൾക്ക് പ്രാദേശികമായ പരിഹാരങ്ങൾ തന്നെ കണ്ടെത്തണം.
​ജനങ്ങളുടെ ഭാഷയിൽ സംവാദം വേണം
​അർത്ഥവത്തായ നീതിനിർവ്വഹണം ആരംഭിക്കുന്നത് സംവാദത്തിലൂടെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ സ്വന്തം ഭാഷയിലോ പ്രാദേശിക രൂപങ്ങളിലോ അവരോട് സംസാരിക്കാനും, അവരുടെ പ്രയാസങ്ങൾ കേൾക്കാനും നിയമസഹായ സ്ഥാപനങ്ങൾക്ക് കഴിയണം.
​ജനങ്ങളെ വെറും 'കേസ് നമ്പറുകൾ' ആയി കാണാതെ പൗരന്മാരായി പരിഗണിക്കണം. അവർക്ക് മുന്നിലേക്ക് നീതി എത്തുകയാണ് വേണ്ടത്. ഒരു ഡോക്ടർ രോഗിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ശേഷം ചികിത്സ നിശ്ചയിക്കുന്നതുപോലെ, പൗരന്റെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ ശേഷമാകണം നിയമസഹായം ലഭ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​മനുഷ്യത്വവും ആത്മാഭിമാനവും പ്രധാനം
​ഒരു കേസ് തീർപ്പാക്കുന്നതിലോ, നഷ്ടപരിഹാരം നൽകുന്നതിലോ, ശിക്ഷ വിധിക്കുന്നതിലോ മാത്രം നീതി പൂർണ്ണമാകുന്നില്ല. കേസിനേക്കാൾ ഉപരി അതിന് പിന്നിലെ മനുഷ്യനെ കാണാൻ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയണം. വ്യക്തികളുടെ ആത്മാഭിമാനം വീണ്ടെടുക്കുക എന്നതും പ്രധാനമാണ്.
​ഒരാൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം രൂപപ്പെടുന്നത് കോടതി വിധികളിലൂടെ മാത്രമല്ല, ഒരു ലീഗൽ എയ്ഡ് ക്ലിനിക്കിലോ അഭിഭാഷകനുമായോ സ്ഥാപനങ്ങളുമായോ ഉള്ള ആദ്യ സമ്പർക്കത്തിൽ നിന്നാണെന്നും, അതിനാൽ കൂടുതൽ മാനുഷികവും പ്രാദേശികാധിഷ്ഠിതവുമായ നിയമസഹായ രീതികൾ അത്യന്താപേക്ഷിതമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img