
ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണക്കാരൻ വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ് ഐ ടി യുടെ അന്വേഷണം ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. വെളിപ്പെടുത്തലുകാരന്റെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താനായി അയാളെ ശിവമോഗ ജയിലിൽ നിന്നും ഇന്നലെ ബെൽത്തങ്ങടി കോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. മൊഴി രേഖപ്പെടുത്തൽ ഇന്നും തുടരും. വിസിൽ ബ്ലോവറായി വന്ന് പ്രതിയായി മാറിയത് മന്ധ്യ സ്വദേശി ചിന്നയ്യയാണ്. സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികളിൽ ചിലർ അയാളെ സ്തോഭജനകമായ വെളിപ്പെടുത്തലിന് പ്രേരിപ്പിച്ചതാണെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. രഹസ്യമൊഴിയിൽ അയാൾ അതൊക്കെ വിശദീകരിക്കുമെന്നാണ് കരുതുന്നത്. അയാൾക്ക് സാമ്പത്തിക സഹായം നൽകിയവരെപ്പറ്റി എസ് ഐ ടി അന്വേഷിക്കുന്നുണ്ട്. എസ് ഐ ടി അന്വേഷണം നേർവഴിയ്ക്കാണെങ്കിലും രാഷ്ട്രീയ ഇടപെടൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ ഒരാളായ ജയന്ത് ടി ആരോപിച്ചു. ധർമ്മസ്ഥലയിലെ എല്ലാ സംശയാസ്പദ മരണങ്ങളും എസ് ഐ ടി അന്വേഷിക്കണമെന്ന ആവശ്യമുയർത്തി ബംഗളുരുവിലെ ഫ്രീഡം പാർക്കിൽ നാളെ 'ന്യായ സമാവേശ' സംഘടിപ്പിക്കുമെന്ന് ജയന്ത് ഒരു വീഡിയോയിലൂടെ അറിയിച്ചു. സൗജന്യ, വേദവല്ലി, പത്മാവതി, ആന പാപ്പാൻ എന്നിവരുടെ കൊലപാതകങ്ങളും ധർമ്മസ്ഥലയിലെ സത്രത്തിലും മറ്റും നടന്ന അസ്വാഭാവികമരണങ്ങളും വിശദമായി അന്വേഷിക്കണമെന്നാണ് ധർമ്മസ്ഥല ദൗർജന്യ വേദികെയുടെ ആവശ്യം. ക്ഷേത്രം മാനേജ്മെന്റ് നടത്തിയ ഭൂമി കയ്യേറ്റങ്ങൾ മറ്റ് ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നുണ്ട്. ഏറെ കോളിളക്കം സൃഷ്‌ടിച്ച സൗജന്യ കൊലക്കേസ് ആദ്യം കർണാടക പോലീസും പിന്നീട് സിബിഐയും അന്വേഷിച്ചിരുന്നു. കേസ് സുപ്രീം കോടതി വരെ എത്തിയിരുന്നെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചിന്നയ്യയുടെ പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയാണ് മഹേഷ് ഷെട്ടി തിമരോടി. ഹിന്ദു ജാഗരണ വേദികെ നേതാവായ ഇദ്ദേഹം സൗജന്യ കൊലക്കേസ് ആക്ഷൻ കൗൺസിലിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. ചിന്നയ്യയെ തിമരോടി ഉജിരെ യിലുള്ള തന്റെ വീട്ടിൽ കുറേക്കാലം താമസിപ്പിച്ചിരുന്നു. ഈ വീട് എസ് ഐ ടി റെയ്ഡ് ചെയ്ത് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും ചിന്നയ്യയുടെ ഫോണും വസ്ത്രങ്ങളുമൊക്കെ കണ്ടെടുത്തിരുന്നു. തിമരോടിയുടെ പേരിൽ നിരവധി കേസ്സുകളുണ്ട്. ധർമ്മസ്ഥല ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന് ഇയാളെ ഒരു വർഷത്തേക്ക് നാടുകടത്തിയിരിക്കുകയാണ്. റെയ്ച്ചൂർ ജില്ലയിലേക്കാണ് നാടുകടത്തിയത്. പോലീസോ കോടതിയോ ആവശ്യപ്പെട്ടാലെ അയാൾക്ക് ദക്ഷിണ കന്നഡ ജില്ലയിൽ പ്രവേശിക്കാനാവൂ. എന്നാൽ ബംഗളുരുവിൽ നാളെ സംഘടിപ്പിക്കുന്ന ന്യായ സമാവേശയിൽ തിമറോടിയും പങ്കെടുത്തേക്കും.
Photo Courtesy - Google











