
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ താത്കാലിക അധ്യക്ഷയായി ജുഡീഷ്യൽ അംഗം ജസ്റ്റിസ് പി.വി. ആശ (റിട്ട.) ചുമതലയേൽക്കും. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ ജസ്റ്റിസ് പി.വി. ആശ ഈ പദവിയിൽ തുടരും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം, 1985-ലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ അധ്യക്ഷന്റെ നിയമനം നടക്കുക.
മുൻ അധ്യക്ഷന്റെ കാലാവധി 2025 സെപ്റ്റംബർ 5-ന് അവസാനിച്ചിരുന്നു. കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മുഖേന പുതിയ അധ്യക്ഷനെ നിയമിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് പി.വി. ആശ 2022 സെപ്റ്റംബറിലാണ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി നിയമിതയായത്.ഗവർണറുടെ ഉത്തരവ് പ്രകാരം, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഖോബ്രഗഡെ ഐ.എ.എസ്. ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.











