
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി 'വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചാപരിപാടി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രോഗ്രാം കമ്മറ്റി കൺവീനർ എൻ.സി.വിജയകുമാർ കൂത്താട്ടുകുളം, സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ.കെ. ശിവപ്രസാദ്, കൊച്ചി ജയിൻ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ.ജെ.ലത എന്നിവർ സമീപം
കൊച്ചി: ചരിത്ര രചനയിൽ സമൂഹത്തിൻ്റെ വിശ്വാസങ്ങളും നന്മകളും പ്രതിഫലിക്കണമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി വിദ്യാഭ്യാസത്തിൻ്റെ പൊതുനന്മക്കു വേണ്ടി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി 8ാം ദിവസമായ ഇന്നലെ ശനിയാഴ്ച 'വിദ്യാഭ്യാ രംഗത്തെ മാറ്റങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. കൊച്ചി ജയിൻ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. ജെ. ലത, കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് എ.ഐ.ആറിൻ്റെ ആഭിമുഖ്യത്തിൽ നോവൽ പാരായണം നടന്നു. ഉച്ചക്ക് 12:30 ന് മുൻ കളക്ടർ പ്രശാന്ത് നായർ അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ സിസ്റ്റം ഔട്ട് കംപ്ലീറ്റ് എന്ന പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഉച്ചക്ക് ശേഷം ഡോ. ആരിഫ് ഹുസൈനുമായി സുനിൽ തീരഭൂമിയും, തുടർന്ന് ഡോ. ഫക്രുദ്ദീനോടൊപ്പം ഗൗതമും അഭിമുഖം നടത്തി. വൈകീട്ട് ശ്രീജിത്ത് പണിക്കരുടെ ജീവിതത്തിൽ വായനയെ എങ്ങനെ സ്വാധീനിച്ചു എന്ന വിഷയത്തിൽ ഹരിറാം എം.വി അഭിമുഖം നടത്തി. വളർന്നു വരുന്ന തലമുറയ്ക്ക് പുസ്തകവായനാ ശീലം വളരെ കുഞ്ഞു പ്രായത്തിൽ തന്നെ നൽകി അവരുടെ ഊർജ്ജം അതിലേക്ക് പകരാൻ സാധിച്ചാൽ അതവർക്ക് വായനയുടെ ലഹരി പകർന്ന് നൽകുമെന്നും, മയക്കുമരുന്ന് പോലെയുള്ള ലഹരികളെ എതിർക്കാൻ പുസ്തകങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭിരുചി കണ്ടെത്താൻ അവർക്ക് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരന്ന വായന ഉറച്ച നിലപാടുകൾ എടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 4 മണിക്ക് ആകാശവാണിയുടെ 90 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ ഓർമ്മകൾ എന്ന പരിപാടിയിൽ എൻ.വി. ശശികുമാർ, കെ.എ.മുരളീധരൻ,സുരേഷ് കാഞ്ഞിരക്കാട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷങ്ങൾ എന്ന സംവാദത്തിൽ ഡോ സെബാസ്റ്റ്യൻ പോൾ, എ.പി. അഹമ്മദ്, എൻ.എം. പിയേഴ്സൺ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഏവരും പങ്കിട്ടു. വൈകീട്ട് 6ന് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി മാധ്യമ പ്രവർത്തകൻ എം.എസ്.സജീവൻ അഭിമുഖം നടത്തി. രാത്രി നടന്ന മത്തായിയുടെ മരണം എന്ന നാടകവും, നൃത്ത കലാകേന്ദ്രയുടെ നൃത്തനൃത്യങ്ങളും, ഉത്തരയുടെ വീണാ വായനയും കഴിയും വരെ എറണാകുളത്തപ്പൻ മൈതാനത്ത് പുരുഷാരം തിങ്ങി നിന്നു. മറ്റൊരു വേദിയിൽ എം.പി.ലിബിൻ രാജിന്റെ സിവിൽ സർവീസും സാഹിത്യ ജീവിതവും എന്ന വിഷയത്തിൽ സംവാദവും, ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനങ്ങളും നടന്നു.
ഇന്ന്, ഞായറാഴ്ച, പുസ്തകോത്സവ വേദിയിൽ രാവിലെ 9:45 ന് അക്ഷര കേളി - അക്ഷരശ്ലോക സദസ്സ് നടക്കും. 10:30 മണിക്ക് കുട്ടികളുടെ പുസ്തകോത്സവത്തിൻ്റെയും, സാഹിത്യോത്സവത്തിൻ്റെയും, ചിത്ര രചനാ മത്സരമായ വർണ്ണോത്സവത്തിൻ്റെയും സമ്മാനങ്ങൾ വിതരണം ചെയ്യും. അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, ഡോ. കെ.ജെ.മാത്യു എന്നിവർ പങ്കെടുക്കും. ഉച്ചക്ക് ബാലസാഹിത്യം എന്ന വിഷയത്തിൽ ചർച്ച നടക്കും. കൃഷ്ണമൂർത്തി, സിപ്പി പള്ളിപ്പുറം, ആർ.ഗോപാലകൃഷ്ണൻ, വി.എം.രാജ് മോഹൻ, ടി.വി. ഹരികുമാർ, ആർ. പ്രസന്ന കുമാർ എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലിന് കെ.രാധാകൃഷ്ണൻ അവാർഡ് പുരസ്കാര സമർപ്പണ ചടങ്ങിൽ കാവാലം ശശികുമാർ, പി. പ്രകാശ്, പായിപ്ര രാധാകൃഷ്ണൻ, കാവാലം അനിൽ എന്നിവർ പങ്കെടുക്കും. തുടർന്ന് 5:45 ന് സാനു മാസ്റ്ററുടെ ഓർമ്മകളുമായി പ്രൊഫ.എം.തോമസ് മാത്യു, ഡോ.ഗീത, സി. ജി. രാജഗോപാൽ, രവി കുറ്റിക്കാട് എന്നിവർ പങ്കെടുക്കും. വൈകീട്ട് 6:45 ന് സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസും, 7:15 ന് രവീന്ദ്ര സംഗീതം എന്ന പരിപാടിയും, തുടർന്ന് കോൽക്കളി , തിരുവാതിര എന്നിവയും നടക്കും. എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന പുസ്തകോത്സവത്തിന് നാളെ തിരശ്ശീല വീഴും.
Photo Courtesy - Google







