കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തുന്നതിനായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ എപ്പിസ്കോപ്പൽ മെമ്പറുമായ ബിഷപ് മാർ ജോസ് പുളിക്കൽ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഇപ്രകാരം ഒരു കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാരിൻ്റെ മുമ്പിൽ ഉന്നയിച്ചതു മുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. കമ്മീഷൻ റിപ്പോർട്ടിലെ പ്രതിപാദ്യവിഷയങ്ങൾ സമുദായാംഗങ്ങളിൽ ഏവരിലും എത്തിക്കാനുള്ള ഊർജിതശ്രമങ്ങൾ രൂപതകൾ നടത്തണമെന്ന് പഠനശിബിരത്തിൽ സമാപന സന്ദേശം നൽകിയ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് നിർദ്ദേശിച്ചു. കമ്മീഷൻ റിപ്പോർട്ട് സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മേജർ ആർച്ചുബിഷപ് വ്യക്തമാക്കി.
റിപ്പോർട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ രൂപതകളിലെ വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത്, മോൺ. വിൻസൻ്റ് നെടുങ്ങാട്ട്, മോൺ. ജോസഫ് വെള്ളമറ്റം എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ചർച്ചകൾ നയിച്ചു.
സീറോമലബാർ സഭാ ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കാർപ്പ് കോർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളിൽ നിന്നുള്ള വൈദികരും അത്മായ പ്രതിനിധികളും പഠനശിബിരത്തിൽ പങ്കെടുത്തു. കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കണമെന്ന പൊതുവികാരം ചർച്ചയിൽ ഉയർന്നു വന്നു.









