04:56am 12 October 2024
NEWS
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; അറിയപ്പെടാത്ത ചില അന്തർനാടകങ്ങൾ
16/09/2024  01:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; അറിയപ്പെടാത്ത ചില അന്തർനാടകങ്ങൾ

എത്ര വിദഗ്ധമായിട്ടാണു നാം ഗൗരവമുള്ള വിഷയങ്ങൾ വഴിതിരിച്ചുവിടുന്നത്? അടുത്തയിടെ പുറത്തുവിട്ട ഭാഗികമായ ഒരു റിപ്പോർട്ടും അതിന്റെ പേരിലുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണിതു പറയുന്നത്. ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവിടാൻ സർക്കാർ നിർബന്ധിതമായി. നാലരവർഷക്കാലം ഈ റിപ്പോർട്ട് പരണത്തുവച്ച് നിശ്ശബ്ദരായിരുന്ന സർക്കാരിന് നിവൃത്തിയില്ലാതെ ഈ റിപ്പോർട്ട് പുറത്തുവിടേണ്ടിവന്നു; പ്രധാനഭാഗങ്ങൾ ഒഴിവാക്കിയാണെങ്കിലും. ഒഴിവാക്കലും തിരുത്തലുമെല്ലാം കഴിഞ്ഞു പൊതുസമൂഹത്തിൽ എത്തിയ റിപ്പോർട്ടിന്റെ അവസ്ഥയോ? ഗൗരവതരമായ ഒരു ചർച്ചയോ വിശകലനമോ പോലും നടത്താൻ ആരും തയ്യാറായില്ല. പതിവുപോലെ അതിലെ വിവാദസാധ്യത കണ്ടറിഞ്ഞ മാധ്യമങ്ങൾ അതിൽത്തന്നെ കടിച്ചുതൂങ്ങി. ഒരുപാടു വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരുന്ന ആ റിപ്പോർട്ടിലെ ലൈംഗിക ചൂഷണം മാത്രം ചർച്ചയാക്കി നിർത്തി. സത്യത്തിൽ ഇവിടെ ചർച്ച ചെയ്യപ്പെട്ടത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടല്ല. ഏതാനും നടിമാർ ചില പ്രശസ്തനടന്മാരെക്കുറിച്ചു പറഞ്ഞ ആരോപണത്തെക്കുറിച്ചാണ്. അതു ഗൗരവതരമല്ല എന്നല്ല പറയുന്നത്. തീർച്ചയായും അതീവ ഗൗരവസ്വഭാവമുള്ളതു തന്നെയാണ്. ഒരു സ്ത്രീയെ അപമാനിക്കുക എന്നുപറഞ്ഞാൽ അത് ഏതുരീതിയിലായാലും കർശനമായ നിയമനടപടിക്കു വിധേയമാകേണ്ടതാണ്. ഇവിടെ പല ആരോപണങ്ങളും അപമാനിക്കൽ എന്നതിനെക്കുറിച്ചല്ല ലൈംഗിക ചൂഷണത്തെക്കുറിച്ചും കൂടിയായിരുന്നു. സ്വാഭാവികമായും പോലീസ് കേസെടുത്ത് അന്വേഷിക്കേണ്ട വിഷയം. പക്ഷേ ഇവിടെ എടുത്തുപറയേണ്ട വസ്തുത ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും നമ്മുടെ പ്രമുഖ നടന്മാർ ഉൾപ്പെടെ കുടുങ്ങിയിരിക്കുന്ന ലൈംഗിക ആരോപണവുമായി നേരിട്ടുബന്ധമൊന്നുമില്ല എന്നതാണ്. അതായത് ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിലല്ല നടപടിയുണ്ടായിരിക്കുന്നത്. ചില നടിമാരുടെ വ്യക്തിഗത പരാതിയുടെ  പേരിലാണ്. അത് എപ്പോൾ വേണമെങ്കിലും ആ നടിമാർക്കു കൊടുക്കാവുന്നതുമായിരുന്നു. ഒരുപക്ഷേ ഹേമ കമ്മിറ്റിയുടെ ചില പരാമർശങ്ങളാകാം പരാതി നൽകാൻ അവർക്ക് ആത്മവിശ്വാസം നൽകിയത്. പക്ഷേ ഇനിയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. പലവിധ കാരണങ്ങൾ കൊണ്ടും സമ്മർദ്ദങ്ങൾ കൊണ്ടും പോലീസ് കേസെടുത്തെന്നുവരാം. അതുകോടതിയിൽ എത്തുമ്പോഴാണു പ്രശ്‌നം. കൃത്യമായ തെളിവോ (സാഹചര്യത്തെളിവെങ്കിലും) സാക്ഷികളോ ഇല്ലാതെ കേസ് നിലനിൽക്കില്ല. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. വെറുതെ ബഹളം കൂട്ടുന്ന മാധ്യമങ്ങൾക്കും ഇതറിയാത്തതല്ല. പക്ഷേ അവർക്ക് വാണിജ്യപരമായ താല്പര്യങ്ങൾ ഉള്ളതുകൊണ്ട് വിവാദസാധ്യതയ്ക്കപ്പുറത്തേക്ക് അവരുടെ കണ്ണും കാതും പോകില്ല. പക്ഷേ മാധ്യമങ്ങളും പൊതുസമൂഹവും ചർച്ച ചെയ്യേണ്ട നിരവധി വിഷയങ്ങൾ സിനിമയുമായി ബന്ധപ്പെട്ടു കാലാകാലങ്ങളായി നടന്നുവരുന്നുണ്ട്. അതെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നുപോലുമില്ല.

നിലവിൽ കേസെടുത്തിട്ടുള്ള വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. അതുപോലീസും കോടതിയുമൊക്കെ തീരുമാനിക്കേണ്ടതാണ്. ഇവിടെ ആഴത്തിൽ ചിന്തിക്കേണ്ട മറ്റുചില കാര്യങ്ങളുണ്ട്. ഒരുപക്ഷേ പൊതുസമൂഹം ശ്രദ്ധിക്കാത്തത്. മാധ്യമങ്ങൾ അജ്ഞതകൊണ്ടോ അല്ലാതെയോ തമസ്‌കരിച്ചുകളഞ്ഞത്. തുടക്കം ജസ്റ്റിസ് ഹേമകമ്മിറ്റിയിൽ നിന്നുതന്നെയാകാം.

കമ്മീഷൻ അട്ടിമറിച്ചു കമ്മിറ്റിയാക്കിയപ്പോൾ

ഒരു നടിക്കു നേരിട്ട ആക്രമണവും അതെത്തുടർന്നു രൂപീകൃതമായ സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ലിയു.സി.സി) മുഖ്യമന്ത്രിക്കു നൽകിയ ഒരു പരാതിയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. മുഖ്യമന്ത്രിയും അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രിയും ആത്മാർത്ഥമായിത്തന്നെ ഈ കൂട്ടായ്മയെയും അവർ ഉയർത്തിയ പ്രശ്‌നങ്ങളെയും ഉൾക്കൊണ്ടു. അതിന്റെ ഭാഗമായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെവച്ച് സിനിമാരംഗത്തു നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും മറ്റ് ആശാസ്യമല്ലാത്ത സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നുറപ്പു നൽകി. ഇതു സംബന്ധിച്ചു മാധ്യമ വാർത്തകളും വന്നു. എല്ലാവർക്കും സന്തോഷമായി. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് (1952) പ്രകാരം ഒരു കമ്മീഷനെ നിയമിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ സിനിമാമേഖലയിലെ വമ്പന്മാർ അപകടം മണത്തു. സാധാരണ നമ്മൾ പറയുന്നതുപോലെ അഥവാ ചിലർ കരുതുന്നതുപോലെ മണ്ടന്മാരൊന്നുമല്ല നമ്മുടെ സിനിമാക്കാർ. അങ്ങനെയൊരു കമ്മീഷൻ എൻക്വയറിയും അനുബന്ധ സംഭവങ്ങളും തങ്ങളുടെ അടിത്തറയിളക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി ചില ചരടുവലികൾ നടത്തി. ആരുമറിയാതെ കമ്മീഷൻ ഒരു സുപ്രഭാതത്തിൽ കമ്മിറ്റിയായി. വിവാദങ്ങൾ ഉണ്ടാക്കാനല്ലാതെ കാര്യങ്ങൾ ഗ്രഹിക്കാൻ നമ്മുടെ മാധ്യമങ്ങളും ശ്രമിക്കാറില്ലല്ലോ. ആരും അതറിഞ്ഞില്ല അഥവാ ശ്രദ്ധിച്ചില്ല. റിട്ടയേർഡ് ജഡ്ജി എന്നു കേട്ടതോടെ ഡബ്ലിയുസിസിയും ഒതുങ്ങി. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹവും ആത്മാർത്ഥതയും ഉണ്ടെന്നല്ലാതെ ഈ സംഘടനയെ നയിക്കുന്നവർക്ക് സംഘടനാപരമായോ നിയമപരമായോ വേണ്ടത്ര അറിവില്ല എന്നു വ്യക്തം. അതുകൊണ്ട് അവരും മിണ്ടിയില്ല. ഈ അട്ടിമറിയിൽത്തന്നെ എല്ലാം കഴിഞ്ഞു. പല്ലും നഖവുമില്ലാത്ത ഒരു റിപ്പോർട്ടിന് എന്തു സാമൂഹികമാറ്റം വരുത്താൻ കഴിയും?

അതേസമയം ആദ്യം തീരുമാനിച്ചിരുന്നതുപോലെ കമ്മീഷൻ ആയിരുന്നെങ്കിലോ?

പൊതുതാത്പര്യം മുൻനിർത്തി സർക്കാരിനു കമ്മീഷനെ വയ്ക്കാം. അതിന് ആദ്യം നിയമസഭയിൽ ഒരു പ്രമേയം പാസ്സാക്കണം. ഗസറ്റിൽ പരസ്യം ചെയ്യണം. ഏകാംഗകമ്മീഷനോ അല്ലാതെയോ ആകാം. ഒന്നിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ ഒരാൾ അധ്യക്ഷനാകും. സർക്കാർ നിശ്ചയിക്കുന്ന ഒരു കാലയളവിനുള്ളിൽ കമ്മീഷൻ റിപ്പോർട്ടു സമർപ്പിക്കണം. ഇവിടെയാണ് അപകടം. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരമുള്ള കമ്മീഷന്റെ റിപ്പോർട്ട് പരണത്തുവച്ചു കൈയും കെട്ടിയിരിക്കാൻ സർക്കാരിനാകില്ല. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കണം. കേന്ദ്രസർക്കാർ നിയമിക്കുന്ന കമ്മീഷനാണെങ്കിൽ പാർലമെന്റിലും. ഇങ്ങനെയൊരു റിപ്പോർട്ടു നിയമസഭയിലെത്തിയാലുള്ള അവസ്ഥ എന്തായിരിക്കും? പ്രതിപക്ഷം അടങ്ങിയിരിക്കുമോ? ഒരു വൻ സുനാമി തന്നെ സിനിമാരംഗത്തുണ്ടാകുമായിരുന്നു.  വിപുലമായ അധികാരങ്ങളുമുണ്ട് കമ്മീഷന്. ആരെയും വിളിച്ചു വരുത്താം. വന്നില്ലെങ്കിൽ സമൻസ് അയച്ചു വരുത്താനുള്ള അധികാരവുമുണ്ട്. പക്ഷേ കമ്മിറ്റിയുടെ സ്ഥിതി അതല്ല. ജസ്റ്റിസ് ഹേമ തന്നെ ചില സെറ്റുകളിൽ പോയി റിപ്പോർട്ട് എടുത്തതായി കണ്ടിരുന്നു.

ഹൈക്കോടതി ജസ്റ്റിസ് ആയതുകൊണ്ട് കമ്മിറ്റിക്ക് അധികാരങ്ങളൊന്നും കൂടില്ല. കമ്മിറ്റിയിൽ ആര് ഇരുന്നാലും അധികാരം ഒരു പോലെയാണ്. അതുകൊണ്ടാണ് നാലരവർഷക്കാലം കമ്മിറ്റി  റിപ്പോർട്ടിനുമേൽ അടയിരിക്കാൻ സർക്കാരിനു കഴിഞ്ഞത്.

കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസക്തി

2017 ജൂലൈ മാസത്തിലാണ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. ആറുമാസമായിരുന്നു സർക്കാർ നൽകിയ കാലാവധി. പല കാരണങ്ങൾ കൊണ്ടും വൈകി രണ്ടുവർഷത്തിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2019 ഡിസംബർ 31-ാം തീയതി.  ഏതാണ്ടു നൂറ്റിയാറുലക്ഷം രൂപയും സർക്കാരിനു മുടക്കേണ്ടിവന്നു. ജസ്റ്റിസ് ഹേമ അധ്യക്ഷമായിട്ടുള്ള കമ്മിറ്റിയിൽ നടി ശാരദ, കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവർ അംഗങ്ങളുമായിരുന്നു.

വനിതാസംഘടനയെ തൃപ്തിപ്പെടുത്താനായാണോ വനിതകളെ മാത്രം കമ്മിറ്റിയിൽ അംഗങ്ങളാക്കിയതെന്നറിയില്ല. അതോ മലയാളസിനിമയിൽ വനിതകൾക്കു മാത്രമേ പ്രശ്‌നങ്ങൾ ഉള്ളൂ എന്നു കരുതിയോ? വനിതകളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കൽ മാത്രമായിരുന്നോ കമ്മിറ്റിയുടെ ലക്ഷ്യം എന്നും അറിഞ്ഞുകൂടാ. സിനിമയ്ക്കുമാത്രമായി ഒരു ട്രിബ്യൂണൽ രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നു എന്നും അതിന്റെ അനിവാര്യതയെക്കുറിച്ചു പഠിക്കാനാണു കമ്മിറ്റി എന്നുമാണ് തുടക്കത്തിൽ കേട്ടറിഞ്ഞത്. പക്ഷേ പിന്നീട് അതും ബോധപൂർവം മറന്നു.

ഈ റിപ്പോർട്ടുതന്നെ എത്ര നിരർത്ഥകമായ പ്രഹസനം ആയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞത്രേ. അങ്ങനെ പറയാനുള്ള അധികാരം കമ്മിറ്റി അധ്യക്ഷക്കില്ല. അഥവാ പറഞ്ഞാൽ കേൾക്കേണ്ട ബാധ്യത സർക്കാരിനുമില്ല. ഫലത്തിൽ എല്ലാവരുടെയും കണ്ണിൽ പൊടിയിടാനുള്ള ഒരു കുറുക്കുവഴി. അതുമാത്രമായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. എന്നിട്ടും ചില ചെറിയ സ്‌ഫോടനങ്ങളുണ്ടായി. അതിൽ ബന്ധപ്പെട്ടവർക്കു കാര്യമായ പരുക്കൊന്നും പറ്റാനിടയില്ലെങ്കിലും വ്യക്തിത്വത്തിൽ വീണ കരിയും പുകയും അത്രവേഗം കഴുകിക്കളയാനുമാകില്ല. സത്യത്തിൽ അതുമാത്രമാണ് ഇതിന്റെ അനന്തരഫലം.

ജസ്റ്റിസ് ഹേമയുടെയോ മറ്റ് അംഗങ്ങളുടെയോ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. ഒരുപക്ഷേ ഇങ്ങനെയൊരു കമ്മിറ്റി ഇന്ത്യയിൽത്തന്നെ നടാടെയായതുകൊണ്ട് എങ്ങനെ അന്വേഷിക്കണം എങ്ങനെ റിപ്പോർട്ട് തയ്യാറാക്കണം എന്ന കാര്യത്തിൽ കമ്മിറ്റിക്കും അവ്യക്തത ഉണ്ടായിക്കാണണം. അതുകൊണ്ടാണ് ചില പേരുകളും സംഭവങ്ങളും ഉൾപ്പെടുത്തുകയും അതൊന്നും പുറംലോകം കാണരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്. വ്യക്തികളുടെ സ്വകാര്യതയെ കരുതിയാണത്രെ അങ്ങനെ പറഞ്ഞത്. അതൊരുതരം ഇരട്ടത്താപ്പാണ്. ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ് രക്ഷിക്കാൻ ശ്രമിക്കുന്നത്? ഇരയുടെയോ? അതോ കുറ്റാരോപിതന്റെയോ? ഇരയുടെ പേര് ഒരു കേസിലും പറയാറില്ല. പക്ഷേ കുറ്റാരോപിതരുടെ അവസ്ഥ അതല്ല. ആരെങ്കിലും എന്തെങ്കിലും ആരോപണമുന്നയിച്ചാൽ പോലീസ് അവരുടെ ചിത്രങ്ങൾ പുറത്തുവിടുകയും മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്യും. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേ ? കോടതി ശിക്ഷിച്ച ഒരു പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചാൽ അതു മനസ്സിലാക്കാം. ഇവിടെ അങ്ങനെയാണോ നടക്കുന്നത്? ഇപ്പോൾ ആരോപണ വിധേയരായവരുടെ പേരും ചിത്രങ്ങളും മറ്റുവിവരങ്ങളും മാധ്യമങ്ങൾ ആഘോഷമായി പ്രസിദ്ധീകരിച്ചു. എന്നാൽ ഇവർ കുറ്റവാളികൾ അല്ല എന്നു പിന്നീടു തെളിഞ്ഞാലോ? നിയമം എല്ലാവർക്കും ഒരുപോലെ ആകണം. ഇരട്ടനീതി എന്നൊന്നില്ല.

പരാതി പ്രളയവും സമർത്ഥമായ ചിറകെട്ടലും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടു പുറത്തുവന്നയുടൻ ചില പൊട്ടിത്തെറികളുണ്ടായി. ലൈംഗിക ചൂഷണത്തെക്കുറിച്ചു റിപ്പോർട്ടിൽ ഉണ്ടെന്ന വിവരം പുറത്തായതോടെ ഏതാനും നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടു രംഗത്തുവന്നു. സ്വാഭാവികമായും മാധ്യമങ്ങൾ അതേറ്റെടുത്തു. ഏറെയും ഒരുപാടു പഴയ സംഭവങ്ങളാണ് എന്നതാണ് ഒരു പ്രത്യേകത. ക്രിമിനൽ കേസിൽ കാലപ്പഴക്കം പരിഗണിക്കേണ്ട എന്നതുകൊണ്ട് നിയമപരമായി അതിൽ തെറ്റൊന്നുമില്ല. പലരും സിനിമയിൽ സജീവവുമല്ല. അതും പീഡനക്കേസിൽ ബാധകമല്ല. പക്ഷേ ഒരുകാര്യം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. സിനിമയുടെ മുഖ്യധാരയിൽ നിൽക്കുന്ന ഒരു നടിപോലും ആരോപണവുമായി രംഗത്തുവന്നില്ല. എന്തുകൊണ്ടാകാം? നടന്മാരുടെ കാര്യമാണെങ്കിൽ മറിച്ചാണ്. നടൻ സിദ്ദിഖ് മുതൽ അതിപ്രശസ്തരായ നടന്മാരെക്കുറിച്ചാണ് ആരോപണമുണ്ടായത്. സിദ്ദിഖ്, ബാബുരാജ്, മണിയൻപിള്ള രാജു, രഞ്ജിത്ത് എന്നിങ്ങനെ മുഖ്യധാരാ ചലച്ചിത്രപ്രവർത്തകരെക്കുറിച്ചെല്ലാം ആരോപണം ഉണ്ടായി. പൊതുസമൂഹവും സിനിമാലോകവും ഒരുപോലെ ഞെട്ടി. ആരോപണങ്ങളുടെ കുത്തൊഴുക്കു തടഞ്ഞില്ലേൽ കാര്യങ്ങൾ വഷളാകുമെന്ന അവസ്ഥയിലായി. അതിനൊരു ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. 'അമ്മ' എന്ന  നടന്മാരുടെ സംഘടനയിലെ ഭാരവാഹികളെല്ലാം ഒന്നടങ്കം രാജിവച്ചു. എന്തിനായിരുന്നു രാജി എന്നാർക്കും അറിയില്ല. പക്ഷേ ആ കൂട്ടരാജി കൊണ്ട് ഒരു ഗുണമുണ്ടായി. അതോടെ നിന്നു ആരോപണങ്ങളുടെ കുത്തൊഴുക്ക്. അതൊരു ഷോക്ക് കൊടുക്കലായിരുന്നു. ഒപ്പം ആരോപണം ഉന്നയിക്കാൻ സാധ്യതയുള്ള നടിമാർക്കുള്ള കൃത്യമായ സന്ദേശവും. രാജിയോടൊപ്പം സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്തുവന്നു പത്രസമ്മേളനം നടത്തി; സിനിമയെ തകർക്കരുതെന്ന അഭ്യർത്ഥനയുമായി. സത്യത്തിൽ മോഹൻലാലിന്റെ ആ അഭ്യർത്ഥന ആരോടായിരുന്നു. പ്രേക്ഷകരോടോ? പാവം പ്രേക്ഷകർ സിനിമ കണ്ടു കൈയടിക്കും എന്നല്ലാതെ സിനിമയെ തകർക്കാൻ ഉള്ള കെൽപ്പൊന്നും അവർക്കില്ല. പിന്നെയുള്ളതു മാധ്യമങ്ങളാണ്. കിട്ടുന്ന വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ചു രാപ്പകൽ വിളമ്പുമെന്നല്ലാതെ മലയാളചലച്ചിത്രലോകത്തെ നശിപ്പിക്കാനൊന്നും അവർക്കും കഴിയില്ല. അത് മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാവർക്കുമറിയാം. പിന്നെ അദ്ദേഹം ആരോടാണതു പറഞ്ഞത്? സംശയമെന്ത്? സഹപ്രവർത്തകരായ മലയാള സിനിമയിലെ നടികളോടുതന്നെ. ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, നടന്മാർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുകൾ തുടങ്ങി നടിമാരുമായി നിത്യേന ഇടപെടുന്ന ഒരു വലിയ വിഭാഗം ആളുകൾ സിനിമയിലുണ്ട്. നടീനടന്മാരും സാങ്കേതിക വിദഗ്ധരുമായി ആയിരക്കണക്കിനാളുകൾ സിനിമയിലുണ്ടെങ്കിലും സജീവമായി രംഗത്തുള്ള പത്തോ അമ്പതോ പേരാണ് ഈ ഇൻഡസ്ട്രിയെ നിലനിർത്തുന്നത് എന്നെല്ലാവർക്കുമറിയാം. അവരെ പവർഗ്രൂപ്പ് എന്ന് വിളിക്കാമോ എന്നറിയില്ല. അവർ എല്ലാവരും അകത്തായാൽ കുറേക്കാലത്തേക്കെങ്കിലും മലയാള സിനിമാലോകം തകരുകയും ചെയ്യും. മോഹൻലാൽ ഉൾപ്പെടെയുള്ള മുഖ്യധാരാ സിനിമാക്കാർക്ക് ഇതറിയാം. നടിമാരിൽ നിന്നുണ്ടാകുമായിരുന്ന തുടർ ആരോപണങ്ങളെ സമർത്ഥമായി ചെറുക്കാൻ ഈ കൂട്ടരാജിയും മോഹൻലാലിന്റെ സമയോചിതമായ ഇടപെടലും സഹായിച്ചു. ഒപ്പം ജഗദീഷിനെപ്പോലെ ശക്തമായി രംഗത്തുവന്നവരെ നിശ്ശബ്ദരാക്കാനും കഴിഞ്ഞു. സിനിമാക്കാർക്ക് ബുദ്ധിയില്ലെന്ന് ആരാണ് പറഞ്ഞത്? അനേക ദിവസങ്ങൾ മൗനത്തിലായിരുന്ന മോഹൻലാൽ ഒരു ദിവസം വാത്മീകം പൊട്ടിച്ചു പുറത്തിറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു കരുതാൻ വയ്യ. അങ്ങനെയെങ്കിൽ അത് ആദ്യമേ ആകാമായിരുന്നല്ലോ?

'അമ്മ' എന്ന സംഘടന എന്തിന്?

(അങങഅ) അമ്മ എന്ന സംഘടന വാസ്തവത്തിൽ എന്താണ്? ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്നാണ് ഇടവേള ബാബുവിനെപ്പോലുള്ളവർ പറയുന്നത്. അഞ്ഞൂറിലേറെ അംഗങ്ങളുള്ള ഒരു വലിയ സംഘടനയാണിത്. അവശതയനുഭവിക്കുന്ന അമ്പതോളം നടീനടന്മാർക്ക് മാസം അയ്യായിരം രൂപാ കൊടുക്കുന്നതാണ് ഇതിനടിസ്ഥാനമായി പറയുന്നത്. ഇതല്ലാതെ എന്തെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾ ഈ സംഘടന ചെയ്യുന്നതായി ആർക്കും അറിയില്ല. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള സാമൂഹിക സേവന സംഘടനയാണെങ്കിൽ തൊഴിൽ നിഷേധിക്കാനും വിലക്കാനുമൊക്കെ കഴിയുന്നതെങ്ങനെ. അത് മറ്റൊരു വിഷയമായതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. സമൂഹത്തോടും സിനിമയോടും പ്രതിബദ്ധതയുള്ള സംഘടന ആയിരുന്നെങ്കിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നയുടൻ പത്രസമ്മേളനം വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. പിന്നീട് ജഗദീഷിനെപ്പോലുള്ളവർ ശക്തമായി രംഗത്തുവന്നപ്പോൾ അഭിപ്രായപ്രകടനംപോലും നടത്താതെ രാജിവച്ച് ഒളിച്ചോടി. എങ്കിലും ആ കൂട്ടരാജി ലക്ഷ്യം കണ്ടു എന്നത് മറ്റൊരു സത്യം.

മലയാള സിനിമയുടെ ഭാവി?

ഇങ്ങനെയൊക്കെയാണെങ്കിലും ചലച്ചിത്ര ലോകത്ത് ഒരിളക്കവും നടുക്കവും സൃഷ്ടിക്കാൻ സമീപകാല സംഭവങ്ങൾക്ക് കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. അതിനു നിമിത്തമായത് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായിട്ടുള്ള ഈ കമ്മിറ്റിയുടെ റിപ്പോർട്ടും. ഇന്ത്യൻ സിനിമയിൽത്തന്നെ ഇങ്ങനെ ഒരു നീക്കം ആദ്യമാണ് എന്നതും ഓർക്കേണ്ടതുണ്ട്.

വസ്തുനിഷ്ഠമായി പറഞ്ഞാൽ സമൂഹത്തിൽ നടക്കുന്ന സകല കുറ്റകൃത്യങ്ങളും  സിനിമാരംഗത്തും ഉണ്ടാകുന്നുണ്ട്. അതിനർത്ഥം എല്ലാ സിനിമാക്കാരും കുഴപ്പക്കാരാണെന്നല്ല. കുഴപ്പക്കാരും ധാരാളം ഉണ്ടെന്നേയുള്ളു. ചതി, വഞ്ചന, ലൈംഗികചൂഷണം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ ഇതൊക്കെ സിനിമയിൽ നടക്കുന്നുണ്ട് എന്നുള്ളത് ഒരു വസ്തുതതന്നെയാണ്. ഇതെക്കുറിച്ചൊക്കെ സമഗ്രമായ ഒരു അന്വേഷണം ഉണ്ടാകുമോ? ഉണ്ടായാൽത്തന്നെ നടപടി എടുക്കുമോ? ചില നടന്മാരും സംവിധായകരും കാരണം കഷ്ടത്തിലായ എത്രയോ പേരുണ്ട്? ഒരു പ്രമുഖ നടൻ 20 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് വർഷങ്ങളായി ഡേറ്റു നീട്ടിക്കൊണ്ടിരിക്കുന്ന കാര്യം പറഞ്ഞത് ഒരു യുവസംവിധായകനാണ്. ഇതൊക്കെ ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ലേ? ഇവിടെ ലൈംഗിക ചൂഷണം ചർച്ച ചെയ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. സിനിമയുടെ തുടക്കം മുതൽതന്നെ  ഉള്ളതാണ്. മിക്കവരും തങ്ങളുടെ അവകാശമായിട്ടാണ് ഇതിനെ കാണുന്നതും. അതിനൊരു മാറ്റം വരാൻ എന്തായാലും സമീപകാല സംഭവങ്ങൾ വഴിതെളിയിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ചുവടുപിടിച്ച് തമിഴ് സിനിമയിലും ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചു എന്നറിയുന്നു. അവിടെ റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തിൽ അല്ല എന്നുമാത്രം. അതിൽ കുഴപ്പമൊന്നുമില്ല. ഇത്തരം കമ്മിറ്റികൾക്ക് ജുഡീഷ്യൽ അധികാരം ഇല്ലാത്തതുകൊണ്ട് എല്ലാം ഒരുപോലതന്നെ.

ഇനി അറിയേണ്ടത് ജസ്റ്റിസ് ഹേമകമ്മിറ്റിയിൽ മനുഷ്യാവകാശ കമ്മീഷന്റെയും കോടതിയുടേയും നിലപാടാണ്. സർക്കാരിന്റെ നിലപാട് കഴിഞ്ഞ നാലരക്കൊല്ലംകൊണ്ട് അവർ വ്യക്തമാക്കിയതാണ്. പക്ഷേ അതുപോലെയല്ലോ കോടതിയുടെ കാര്യം. ഹൈക്കോടതികളുടെ അധികാരങ്ങൾ അതിവിപുലമാണ്. ഏതു റിപ്പോർട്ടും ആവശ്യപ്പെടാനും നടപടി എടുക്കാൻ ഉത്തരവിടാനും അധികാരം ഹൈക്കോടതികൾക്കുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാൽ മാത്രമേ ഈ റിപ്പോർട്ടിന്റെ പേരിൽ സിനിമാക്കാർ ഭയപ്പെടേണ്ടതുള്ളു. സർക്കാർ ഒന്നും ചെയ്യില്ല എന്നു മാത്രമല്ല പ്രധാന ഭാഗങ്ങൾ സാങ്കേതികത പറഞ്ഞു മറച്ചുവച്ചിരിക്കുകയുമാണ്.

വനിതാ ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ംരര) എന്ന സംഘടനയുടെ നിലപാടും നിർണ്ണായകമാണ്. സിനിമയെ നശിപ്പിക്കരുത് എന്ന വ്യംഗ്യത്തിലൂടെ സിനിമാപ്രവർത്തകരെ അഥവാ സിനിമാ നടന്മാരെ നശിപ്പിക്കരുത് എന്ന മോഹൻലാലിന്റെ അഭ്യർത്ഥന അവരും അക്ഷരംപ്രതി അനുസരിക്കുമോ? അതോ മറ്റ് വഴികൾ തേടുമോ? കാത്തിരുന്നു കാണാം. എല്ലാം ഇവിടംകൊണ്ട് തീരാനാണു സാധ്യത. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിച്ചാൽ അങ്ങനെയേ കരുതാൻ കഴിയൂ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img