
ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. അസുഖബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച കർണൻ, ഔദ്യോഗിക ജീവിതത്തിലെ വിവാദപരമായ നടപടികളിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു.
1955-ൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കർണാത്തം ഗ്രാമത്തിൽ സ്വാമിനാഥൻ–കമലം ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായാണ് ജനനം. 1983-ൽ ചെന്നൈ ലോ കോളജിൽനിന്ന് നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കരുണാനിധി എന്നായിരുന്നു ആദ്യ പേര്. 1991-ൽ ഭാര്യ സരസ്വതിയുടെ ആഗ്രഹപ്രകാരം പേര് സി.എസ്. കർണൻ എന്നാക്കി മാറ്റുകയായിരുന്നു.
2009 മാർച്ചിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2016 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. എട്ടു വർഷത്തിലേറെ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2017 ജൂൺ 21-ന് വിരമിച്ചു.
ജഡ്ജിയായിരിക്കെ നടത്തിയ അസാധാരണ നടപടികളാണ് കർണനെ ദേശീയതലത്തിൽ വാർത്തകളിൽ നിറച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും ഇതിൽ പ്രധാനമാണ്. മദ്രാസ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സഹജഡ്ജിമാരിൽനിന്ന് ജാതിവിവേചനം നേരിട്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ജഡ്ജിമാരുടെ പരാതിയെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടതിനു പിന്നാലെ, അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഉൾപ്പെടെ സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാർക്കെതിരെ കർണൻ സ്വമേധയാ കേസെടുക്കുകയും അഞ്ചുവർഷം കഠിനതടവ് വിധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയായി ചരിത്രത്തിൽ ഇടം നേടിയ കർണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു.










