01:23pm 25 October 2026
NEWS
പറന്നുയരാൻ വെറും 10 സെക്കൻ്റ്; റഷ്യൻ പോർവിമാനത്തിന് ഇരട്ടച്ചങ്കൻ എൻജിൻ...!


12/02/2025  03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പറന്നുയരാൻ വെറും 10 സെക്കൻ്റ്; റഷ്യൻ പോർവിമാനത്തിന് ഇരട്ടച്ചങ്കൻ എൻജിൻ...!

 

യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്  മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ലോകത്തെ സൈനിക ശക്തികളെല്ലാം ഇപ്പോൾ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് പിന്നാലെയാണ്. അമേരിക്കയും റഷ്യയും ഇതിനകം അഞ്ചാം തലമുറ പോർവിമാനങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു.ഇന്ത്യയും ചൈനയും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അന്തിമ പണിപ്പുരയിലാണ്.

ഇതിനിടെ , എയ്റോ ഇന്ത്യ പ്രദർശനത്തിൽ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു - 57 അതിൻ്റെ കരുത്ത് തെളിയിച്ചു കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്ന കാഴ്ച വിദേശ സാങ്കേതിക വിദഗ്ധരുൾപ്പെടെ
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറക്കാനാകാത്ത അനുഭവമായി

വെറും 10 സെക്കൻ്റ്

വെറും 10 സെക്കൻ്റ് കൊണ്ടാണ് എയർ ഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് എസ് യു - 57 പറന്നുയർന്നത്. റൺവേയുടെ 0.8 കിലോമീറ്റർ മാത്രമേ പറന്നുയരാൻ വേണ്ടി വന്നുള്ളു എന്നത് മറ്റൊരു സവിശേഷതയായി. എസ് യു 57 ന് പറന്നുയരാനും (ടേക്കോഫ്), പറന്നിറങ്ങാനും (ലാൻഡിംഗ്‌ ) ഹൃസ്വ സമയം മതിയെന്നത് മിലിറ്ററി ഏവിയേഷൻ സാങ്കേതിക വിദ്യയിൽ റഷ്യൻ ശാസ്ത്രജ്ഞർ കൈവരിച്ച നേട്ടത്തിൻ്റെ മകുടോദഹരണമായി. സ്‌റ്റോൾ (ഷോർട്ട് ടേക്കോഫ് ആൻഡ് ലാൻഡിംഗ് - എസ് ടി ഒ എൽ) എന്നാണ് സാങ്കേതിക, സൈനിക ഭാഷയിൽ ഇതിനെ പറയുന്നത്.

സൂപ്പർ എൻജിൻ

എസ് യു - 57 ഫൈറ്റർ ജെറ്റിൻ്റെ ഈ കരുത്തിന് പിന്നിൽ ഒരു ഇരട്ടച്ചങ്കനുണ്ട്. എ എൽ -41 എന്ന എൻജിനാണ് പോർവിമാനത്തിൻ്റെ ശക്തികേന്ദ്രം. വലിയ റൺവേ ഉൾപ്പെടെ  അടിസ്ഥാന സൗകര്യങ്ങളൊന്നും കൂടാതെ വേഗത്തിൽ പറന്നുയരാനും പറന്നിറങ്ങാനും മാത്രമല്ല, ആകാശത്ത് കൂടുതൽ മേൽക്കോയ്മ നേടാനും എ എൽ -41 എൻജിൻ ഫൈറ്റർ ജെറ്റിനെ സഹായിക്കുന്നു. പഴയ തലമുറയിലെ ഫൈറ്റർ ജെറ്റുകൾക്ക് പറന്നുയരാൻ കൂടുതൽ സമയവും വലിയ റൺവേയും ആവശ്യമാണ്.

എയർസ്ട്രിപ്പുകൾക്ക് അനുയോജ്യം

ചെറിയ റൺവേ മതിയെന്നതിനാൽ എയർസ്ട്രിപ്പുകളിൽ നിന്നും എസ് യു - 57 ന് പറന്നുയരാൻ സാധിക്കും. അതിനാൽ ദുഷ്കരവും അപരിചിതവുമായ മലയിടക്കുക പോലെയുള്ള പോർമുഖങ്ങളിൽ പോലും ഈ അഞ്ചാം തലമുറക്കാരനെ വിന്യസിക്കാം. 

എയ്റോ ഇന്ത്യ 2025 പ്രദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ പോർവിമാനങ്ങളിലൊന്നാണ് എസ് യു - 57. സാധാരണയായി ഫൈറ്റർ ജെറ്റുകൾക്ക് പെട്ടെന്ന് പറന്നുയരുന്നതിനും ചെറിയ റൺവേയിൽ നിന്ന് ടേക്കോഫ് ചെയ്യുന്നതിനും അധിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ഭാരിച്ച ചെലവ് വരും. എന്നാൽ എസ് യു - 57 ൽ ഇങ്ങനെയുള്ള അധികച്ചെലവിൻ്റെ പ്രശ്നം ഉദിക്കുന്നില്ല എന്നതും മിലിറ്ററി ഏവിയേഷൻ രംഗത്തെ പുതിയ ചുവടുവെയ്പ്പായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img