
'ജുറാസിക് പാർക്ക്' സിനിമാ പരമ്പരയിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്നിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന അപൂർവ രക്താർബുദം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായ സാം നീൽ പിന്നീട് രോഗമുക്തി നേടിയതായി അടുത്തിടെ അറിയിച്ചിരുന്നു.
1947-ൽ വടക്കൻ അയർലൻഡിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലേക്ക് താമസം മാറി. അൻപതിലേറെ വർഷം നീണ്ട അഭിനയജീവിതത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
1993-ൽ പുറത്തിറങ്ങിയ 'ജുറാസിക് പാർക്ക്' സിനിമയിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് സാം നീലിനെ ആഗോളതലത്തിൽ പ്രശസ്തനാക്കിയത്. തുടർന്ന് പുറത്തിറങ്ങിയ പരമ്പരയിലെ ചിത്രങ്ങളിലും അദ്ദേഹം അതേ കഥാപാത്രമായി തിരിച്ചെത്തി. 'ദി പിയാനോ', 'ഡെഡ് കാം', 'ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ' എന്നീ സിനിമകളിലും 'പീക്കി ബ്ലൈൻഡേഴ്‌സ്' അടക്കമുള്ള ടെലിവിഷൻ പരമ്പരകളിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.









