02:03am 22 November 2026
NEWS
ജുഡീഷ്യൽ സർവീസ് പരീക്ഷ: 2026-ലെ നിയമബിരുദധാരികൾക്ക് ‘ഒരു വർഷത്തെ പ്രാക്ടീസ്’ ഇളവില്ലെന്ന് സുപ്രീംകോടതി
21/11/2026  07:53 AM IST
ജുഡീഷ്യൽ സർവീസ് പരീക്ഷ: 2026-ലെ നിയമബിരുദധാരികൾക്ക് ‘ഒരു വർഷത്തെ പ്രാക്ടീസ്’ ഇളവില്ലെന്ന് സുപ്രീംകോടതി

 


സുരേഷ് വണ്ടന്നൂർ


ന്യൂഡൽഹി: ഒരു വർഷത്തെ അഭിഭാഷക പ്രാക്ടീസ് പൂർത്തിയാക്കിയതായി കണക്കാക്കുന്ന പ്രത്യേക ഇളവ് 2026-ൽ നിയമബിരുദം നേടിയവർക്കും അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ നിയമനവുമായി ബന്ധപ്പെട്ട് സത്യാല അഞ്ജനപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് നവംബർ 19-ന് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിയമബിരുദം നേടി ഒരു വർഷം തികയാത്തവർക്കും പ്രാക്ടീസ് പൂർത്തിയാക്കിയതായി കണക്കാക്കി പരീക്ഷയെഴുതാൻ അനുമതി നൽകണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ, മുൻവിധിയിലെ ഇടക്കാല ഇളവ് അത്തരത്തിൽ വിപുലീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2025 മേയിലെ ആദ്യവിധിക്കും 2026 ഓഗസ്റ്റിലെ ഭൂമിക ട്രസ്റ്റ് വിധിക്കും ഇടയിൽ ഒരു വർഷത്തിലധികം കഴിഞ്ഞിരുന്നു. ഈ കാലയളവിൽ നേരത്തേ ബിരുദം നേടിയവർ അഭിഭാഷകരുടെ ഓഫീസുകളിലും ചേംബറുകളിലും കോടതികളിലും പ്രായോഗിക പരിചയം നേടിയിട്ടുണ്ടാകാമെന്ന അടിസ്ഥാനത്തിലാണ് ഒരു വർഷത്തെ പ്രാക്ടീസ് പൂർത്തിയാക്കിയതായി കണക്കാക്കാൻ അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ബിരുദം നേടി ആ കാലയളവ് പിന്നിടാത്ത 2026-ലെ ബിരുദധാരികൾക്കും അതേ ആനുകൂല്യം നൽകാനാവില്ലെന്നാണ് കോടതി നിലപാട്.
ആന്ധ്രപ്രദേശിലെ സിവിൽ ജഡ്ജി നിയമനത്തിനായി 2026 സെപ്റ്റംബർ 25-ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് തർക്കത്തിന് ആധാരം. വിജ്ഞാപന തീയതിക്ക് മുമ്പ് നിയമബിരുദം നേടി ഒരു വർഷം പൂർത്തിയാകാത്തവരെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇടക്കാല ഇളവിലൂടെ ഒരു വർഷം എന്ന നിബന്ധനതന്നെ ഒഴിവാക്കിയിട്ടില്ലെന്നും, യോഗ്യരായ ഉദ്യോഗാർഥികൾ ആ കാലയളവിന് പ്രത്യേകം പ്രാക്ടീസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നതാണ് ഇളവിന്റെ പരിധിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക പിങ്കി ആനന്ദ് ഇളവ് ആവശ്യപ്പെട്ടെങ്കിലും, പുതുതായി ബിരുദം നേടിയവർ ഒരു വർഷം അഭിഭാഷക ഓഫീസുകളിലും കോടതികളിലും പ്രവർത്തിച്ച് പരിചയം നേടട്ടെയെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img