02:17am 21 November 2026
NEWS
ജുഡീഷ്യൽ സർവീസ് പ്രവേശനം: മൂന്നുവർഷത്തെ പ്രാക്ടീസ് നിബന്ധന ഒരുവർഷമാക്കി സുപ്രീംകോടതി


20/11/2026  04:34 PM IST
nila
ജുഡീഷ്യൽ സർവീസ് പ്രവേശനം: മൂന്നുവർഷത്തെ പ്രാക്ടീസ് നിബന്ധന ഒരുവർഷമാക്കി സുപ്രീംകോടതി

ന്യൂഡൽഹി: സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ പരീക്ഷ എഴുതുന്നതിനുള്ള അഭിഭാഷക പ്രാക്ടീസ് നിബന്ധന മൂന്നുവർഷത്തിൽനിന്ന് ഒരുവർഷമായി കുറച്ച് സുപ്രീംകോടതി. ഭൂമിക ട്രസ്റ്റ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2026 ഓഗസ്റ്റ് 21-ന് പുറപ്പെടുവിച്ച വിധിയിലാണ് നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിയോജിച്ചു. 
2027 ഏപ്രിൽ ഒന്നുമുതൽ പുറപ്പെടുവിക്കുന്ന നിയമന വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ഒരുവർഷത്തെ യഥാർഥ അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണം. ഇത് സ്ഥിരീകരിക്കുന്ന പ്രാക്ടീസ് സർട്ടിഫിക്കറ്റും ആവശ്യമാണ്.


അതേസമയം, 2025 മേയ് 20-ലെ മുൻവിധിക്കുശേഷം 2027 മാർച്ച് 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഇടക്കാല സംവിധാനം കോടതി ഏർപ്പെടുത്തി. മൂന്നുവർഷത്തെ പ്രാക്ടീസ് നിബന്ധന പരിഗണിക്കാതെ നിയമബിരുദധാരികൾക്ക് അപേക്ഷിക്കാമെന്നാണ് വിധിയിലെ നിർദേശം. അപേക്ഷയ്ക്കായി ഒരുവർഷത്തെ പ്രാക്ടീസ് പൂർത്തിയാക്കിയതായി കണക്കാക്കുന്ന ഈ കാലയളവിന് പ്രത്യേക പ്രാക്ടീസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
ഇടക്കാല സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ആദ്യം ‘ട്രെയിനി ജുഡീഷ്യൽ ഓഫീസർമാർ’ ആയി നിയമിക്കും. സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിൽ ഒരുവർഷത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയശേഷം ഒരുവർഷത്തെ ലോ ക്ലർക്ക്ഷിപ്പും നിർബന്ധമാണ്. ആദ്യ ആറുമാസം ജില്ലാ ജുഡീഷ്യറിയിലും തുടർന്നുള്ള ആറുമാസം ബന്ധപ്പെട്ട ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലുമായിരിക്കും ക്ലർക്ക്ഷിപ്പ്.


പരിശീലനകാലത്ത് ബന്ധപ്പെട്ട സംസ്ഥാനത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി നൽകും. ക്ലർക്ക്ഷിപ്പിലും ഇതേ പ്രതിഫലം തുടരും. പ്രവർത്തനവും യോഗ്യതയും സംബന്ധിച്ച വിലയിരുത്തൽ തൃപ്തികരമായാൽ സ്ഥിരം ജുഡീഷ്യൽ ചുമതലയും സാധാരണ ശമ്പളാനുകൂല്യങ്ങളും ലഭിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img