08:28am 27 November 2026
NEWS
ജഡ്ജിയുടെ ചോദ്യങ്ങളെ എതിർനിലപാടായി കാണരുത്; അഭിഭാഷകർക്ക് സുപ്രീംകോടതിയുടെ ഓർമ്മപ്പെടുത്തൽ
27/11/2026  08:19 AM IST
നിയമകാര്യലേഖകൻ
ജഡ്ജിയുടെ ചോദ്യങ്ങളെ എതിർനിലപാടായി കാണരുത്; അഭിഭാഷകർക്ക് സുപ്രീംകോടതിയുടെ ഓർമ്മപ്പെടുത്തൽ

ന്യൂഡൽഹി: കോടതിയുടെ ചോദ്യങ്ങളോടും നിരീക്ഷണങ്ങളോടും അഭിഭാഷകർ സംഘർഷഭരിതമായി പ്രതികരിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജി ഉന്നയിക്കുന്ന ഓരോ ചോദ്യവും തങ്ങളുടെ കക്ഷിക്കെതിരായ നിലപാടായി കാണുന്ന സമീപനം ശരിയല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് കസ്റ്റംസ് ഹൗസുകളിൽ അനുമതി നൽകുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് കോടതി വിശദീകരണം തേടിയപ്പോൾ, അപ്പീലുകാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രൂക്ഷമായി പ്രതികരിച്ചതാണ് നിരീക്ഷണങ്ങൾക്ക് കാരണമായത്. തന്റെ വാദം കോടതി കേൾക്കുന്നില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ച് ആരോപിച്ചതായും വിധിയിൽ രേഖപ്പെടുത്തി.
ജഡ്ജിയുടെ ഓരോ വാക്കും തങ്ങൾ പ്രതിനിധീകരിക്കുന്ന കക്ഷിക്കെതിരായ നിലപാടായി വ്യാഖ്യാനിക്കുകയും ബെഞ്ചിനോട് കടുത്ത രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്ന അഭിഭാഷക സമൂഹത്തിലെ ന്യൂനപക്ഷത്തിനുള്ള മുന്നറിയിപ്പായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്ന് കോടതി വിശദീകരിച്ചു.
നീതിനിർവഹണ സംവിധാനത്തിലെ പ്രധാന പങ്കാളികളെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വം ഭൂരിഭാഗം അഭിഭാഷകരും തിരിച്ചറിയുന്നുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് കോടതിക്കുമുന്നിലെ വാദങ്ങളെ അവർ കോടതിക്കുള്ള ‘സഹായം’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സഹായം സൗഹാർദപരമായ അന്തരീക്ഷത്തിൽ നൽകുന്നതാണ് ഉചിതം. കോടതിയെ എതിർകക്ഷിയുടെ സ്ഥാനത്ത് നിർത്തുന്ന സമീപനം ഒഴിവാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
നടപടികൾ സൗഹാർദപരമായി മുന്നോട്ടുപോയിരുന്നെങ്കിൽ മുതിർന്ന അഭിഭാഷകന് കോടതിയെ കൂടുതൽ ഫലപ്രദമായി സഹായിക്കാനാകുമായിരുന്നു. ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കേസ് രേഖകളിൽത്തന്നെ ഉണ്ടായിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതിയിലെ രൂക്ഷമായ വാക്കുതർക്കം കക്ഷിയുടെ താത്പര്യങ്ങളെ ബാധിക്കാൻ അനുവദിച്ചില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നീതി തേടിയെത്തിയ വ്യക്തി പിന്നിലുണ്ടെന്നും അദ്ദേഹം അതിന്റെ പേരിൽ കഷ്ടപ്പെടരുതെന്നും പരിഗണിച്ച് രേഖകൾ ശ്രദ്ധാപൂർവം പരിശോധിച്ചതായി കോടതി അറിയിച്ചു.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ തയ്യാറാക്കിയ വിധി അഭിഭാഷക സമൂഹം മുഴുവൻ വായിക്കണമെന്ന് വിധിപ്രസ്താവത്തിനിടെ ജസ്റ്റിസ് പർദിവാല പറഞ്ഞു. അഭിഭാഷകന്റെ പെരുമാറ്റം അത്തരത്തിലായിരുന്നിട്ടും, അദ്ദേഹം പ്രതിനിധീകരിച്ച കക്ഷിക്ക് അനുകൂലമായാണ് ബെഞ്ച് തീരുമാനമെടുത്തതെന്നും ജസ്റ്റിസ് പർദിവാല വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img