
ന്യൂയോർക്ക്: ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥ ലോർണ ഹജ്ദിനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുതിയ സാക്ഷിമൊഴികൾ പുറത്ത്. മുൻ ജീവനക്കാരനായ ചിരായു റാണ നൽകിയ പരാതിക്ക് പിന്തുണയുമായി രണ്ടുപേർ കൂടി കോടതിയിൽ മൊഴിനൽകിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധനേടിയത്. മാൻഹാട്ടൻ സുപ്രീംകോടതിയിൽ റാണ സമർപ്പിച്ച പുതുക്കിയ ഹർജിയിലാണ് പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോർണ ലൈംഗികമായി ഉപദ്രവിച്ചതും മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതും വംശീയമായി അധിക്ഷേപിച്ചതുമാണ് റാണയുടെ പ്രധാന ആരോപണങ്ങൾ.
റാണയ്‌ക്കൊപ്പം താൻ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ലോർണ ഒരു ദിവസം അപ്രതീക്ഷിതമായി എത്തിയെന്ന് സാക്ഷികളിൽ ഒരാൾ പറയുന്നു. നഗ്നയായി മുറിയിലേക്ക് കടന്നുവന്ന അവർ, റാണയെയും സാക്ഷിയെയും ഒരുമിച്ച് ലൈംഗികബന്ധത്തിലേർപ്പെടാനായി ബെഡ്റൂമിലേക്ക് ക്ഷണിച്ചതായും റാണ അതിനെ ശക്തമായി എതിർത്തതായും മൊഴിയിൽ പറയുന്നു. “ദയവായി നിർത്തൂ” എന്ന് റാണ അഭ്യർഥിക്കുന്നതും താൻ കേട്ടതായി സാക്ഷി കോടതിയെ അറിയിച്ചു.
ലോർണ, റാണയെ ചേർത്തുപിടിക്കുകയും കഴുത്തിൽ ചുംബിക്കുകയും ചെയ്യുന്നത് കണ്ടതായി മറ്റൊരു സാക്ഷി, മൊഴി നൽകി. ആ സമയത്ത് റാണ വ്യക്തമായി അസ്വസ്ഥനായിരുന്നു എന്നും ഇയാൾ പറഞ്ഞു. ഈ സംഭവങ്ങൾ തനിക്ക് ഗുരുതരമായ മാനസികപ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് റാണയുടെ വാദം. ഇതുമായി ബന്ധപ്പെട്ട ചികിത്സാരേഖകളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ, ജെപി മോർഗൻ ചേസ് എല്ലാ ആരോപണങ്ങളും തള്ളി. പരാതിയെ തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. ലോർണയുടെ അഭിഭാഷകരും ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. റാണയുടെ ആരോപണങ്ങൾ വ്യാജമാണെന്നും ലോർണയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും അവർ പ്രതികരിച്ചു.










