06:34am 22 April 2025
NEWS
ഒരിക്കൽ തുന്നിച്ചേർത്ത മുറിവുകൾ വീണ്ടും തുറന്നാൽ അതിൽ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ എന്ന് നടൻ ജോയ് മാത്യു
04/04/2025  08:58 PM IST
nila
ഒരിക്കൽ തുന്നിച്ചേർത്ത മുറിവുകൾ വീണ്ടും തുറന്നാൽ അതിൽ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ എന്ന് നടൻ ജോയ് മാത്യു

ഒരിക്കൽ തുന്നിച്ചേർത്ത മുറിവുകൾ വീണ്ടും തുറന്നാൽ അതിൽ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ എന്നാണ് നമ്മുടെ ആർജ്ജിത സംസ്കാരം പഠിപ്പിക്കുന്നതെന്ന് നടൻ ജോയ് മാത്യു. എമ്പുരാൻ സിനിമ വിവാദം സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം. എമ്പുരാൻ സിനിമയെ എതിർത്ത സംഘപരിവാറിൻറെ വല്യേട്ടനാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുന്ന സി.പി.എം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ജോയ് മാത്യുവിൻറെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം:

ഒരു സിനിമ ഇറങ്ങിയാൽ ഓടിപ്പോയി കാണുകയോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല.
ഇത് ആശാവർക്കർമാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ,ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന ഒരു വ്യവസായത്തിനേറ്റ തിരിച്ചടി മാത്രമല്ലേ ?
മുടക്കിയ മുതൽ തിരിച്ചുപിടിക്കാനും അതിൽ നിന്നും ലാഭം കിട്ടുവാനുമാണല്ലോ എല്ലാവരും സിനിമ നിർമ്മിക്കുന്നത് ,അല്ലാതെ നാടുനന്നാക്കാനോ ചീത്തയാക്കാനോ അല്ല.
പണം ,പ്രശസ്തി ,അംഗീകാരം ,ആത്മ നിർവൃതി ഇത്രയൊക്കെയേ ഇതിലുള്ളൂ .
ആദ്യം പറഞ്ഞ വകുപ്പിൽപ്പെട്ടതാണല്ലോ എമ്പുരാൻ .ഇത് വെട്ടിമാറ്റിയ ശേഷമാണ് ഞാൻ കണ്ടത് .എവിടെ എന്തൊക്കെ വെട്ടി എന്നെനിക്ക് അറിഞ്ഞുകൂടാ.
ഏതായാലും ഇത്രമാത്രം പുകിലുണ്ടാകാൻ ഇടയാക്കിയത് സമൂഹത്തിൽ ഇതുകാരണം വലിയ വിപത്ത് ഉണ്ടാവും എന്ന് മനസ്സിലാക്കിയത് കൊണ്ടാണല്ലോ ,അതൊരു നല്ല കാര്യം തന്നെ .

നമ്മുടെ ആർജ്ജിത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് ഒരിക്കൽ തുന്നിച്ചേർത്ത മുറിവുകൾ വീണ്ടും തുറന്നാൽ അതിൽ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ സ്നേഹത്തിന്റെ സുഗന്ധം വരില്ലതന്നെ .

തമാശ അതിലൊന്നുമല്ല. സിനിമയെ എതിർത്ത സംഘപരിവാറിന്റെ വല്യേട്ടനാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുന്ന സിപിഎം എന്നതാണ്.ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ !

നായനാർ ഭരിക്കുന്ന കാലത്താണ് ആദിവാസി നാടകമായ” നാടു ഗദ്ദിക “ നിരോധിക്കുന്നതും സ്ത്രീകളടക്കമുള്ള ആദിവാസികളെ ജയിലിലടച്ചതും,മത തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോൾ നോക്കിനിന്നതും അദ്ദേഹത്തെ വിഡ്ഢി എന്ന് വിളിച്ചതും കമ്മ്യൂണിസ്റ്റ് ഭരണാധിപൻമാർ.ടി പി ചന്ദ്രശേഖരൻ കൊലപാതകത്തെ ആസ്പദമാക്കി മൊയ്‌തു താഴത്ത് എന്ന സംവിധായകന്റെ” 51 വെട്ട് “എന്ന സിനിമയുടെ പ്രദർശനം തടഞ്ഞവർ,മുരളീ ഗോപിയുടെതന്നെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് “പുരോഗമനപാർട്ടിക്കുള്ളിലെ ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ടിനു പാപ്പച്ചന്റെ “ചാവേർ “എന്നീ സിനിമകളെ തകർക്കാനും ഒതുക്കാനും ശ്രമിച്ചവർ -ഇവരാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു സംഘപരിവാറിനെ വിമർശിക്കുന്നത് .

എന്തിനധികം ?

നിരോധനമൊന്നുമില്ലാത്ത പുസ്തകം കൈവശം വെച്ചതിനു അലൻ,താഹ എന്നീ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതും മാറ്റാരുമല്ലല്ലോ.ഇതിനേക്കാളൊക്കെ വലിയ കോമഡി സാക്ഷാൽ ബഷീറിന്റെ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്“പാഠപുസ്തകമാക്കിയപ്പോൾ പുസ്തകത്തിൽ നിന്നും മുല മുറിച്ച് മാറ്റിയ സദാചാരത്തിന്റെ അപ്പോസ്തലന്മാരായിരുന്നു ഇ എം എസ് മന്ത്രിസഭ !

(ചിരിക്കാൻ ഇങ്ങിനെ ഇടത്പക്ഷതമാശകൾ എത്ര കിടക്കുന്നു
-പുസ്തകം വായിക്കാത്ത സൈബർ കമ്മികൾക്ക് ഇതൊക്കെ എങ്ങിനെ അറിയാനാണ് ! )

വർഗ്ഗീയ സംഘർഷം സൃഷ്ടിക്കും എന്ന് പറഞ്ഞു കേന്ദ്ര ഗവർമെന്റോ സെൻസർ ബോർഡോ ആവശ്യപ്പെടുന്നതിന് മുൻപേ തന്നെ ചിത്രത്തിൽ വെട്ടും തിരുത്തും നടത്തി പ്രദർശിപ്പിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല ,കാരണം പണം പ്രധാന ഘടകമായിക്കാണുന്ന ഒരു വ്യവസായമാണല്ലോ ഇത് .അപ്പോൾ ഈ ഒരു വ്യവസായത്തിന് പിടിച്ചു നിൽക്കണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ.

നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിരോധിക്കുകയോ തടയുകയോ ചെയ്യൂ ഞാൻ ചെയ്തുവെച്ചിരിക്കുന്നതിൽ അണുവിട മാറ്റില്ല എന്ന് പറയുന്ന കലാകാരനെ പിന്തുണയ്ക്കാൻ എനിക്കൊരു മടിയുമില്ല ;അവർ എന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ എനിക്ക് നേരെ വന്നിരുന്ന ആക്രമണങ്ങളെ ചെറുക്കാൻ ഒരിക്കൽപ്പോലും എനിക്കൊപ്പം നിന്നിട്ടില്ലെങ്കിൽപ്പോലും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img