തിരുവനന്തപുരം: പരസ്യബില്ലുകളിൽ നിന്ന് ഈടാക്കിവരുന്ന 15 ശതമാനം ഡിസ്‌കൗണ്ട് തുക പത്രപ്രവർത്തകരുടെ പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പിആർഡി മുഖേന വാർത്താ മാധ്യമങ്ങൾക്ക് നൽകിവരുന്ന പരസ്യങ്ങളുടെ ബിൽതുകയിൽ നിന്ന് 1999 ഏപ്രിൽ മുതൽ ഇങ്ങനെ ഡിസ്കൗണ്ട് ഈടാക്കിവരുന്നുണ്ട്.
ശതകോടികൾ വരുന്ന ഈ സംഖ്യ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്നില്ല ഇത് സംബന്ധിച്ച് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ നൽകിയ വിവരാവകാശ അപേക്ഷക്ക് ഈ സംഖ്യയെപ്പറ്റി വ്യക്തമായ മറുപടി പിആർഡിയിൽ നിന്ന് ലഭിച്ചില്ല.
ഈ തുക കണ്ടെത്തി പത്രപ്രവർത്തക പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്താൽ പെൻഷൻ നൽകാൻ സർക്കാരിന് ബുദ്ധിമുട്ടേണ്ടി വരില്ല.
കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ സ്പെഷ്യൽ സെക്രട്ടറി കെ. ജയകുമാറാണ് പത്രപ്രവർത്തക പെൻഷൻ നൽകാൻ പരസ്യബില്ലുകളുടെ 15 ശതമാനം ഡിസ്‌കൗണ്ട് ചെയ്യണമെന്ന നിർദേശം വെച്ചത്.
ഇത് അനുസരിച്ച് 1999 ജൂലൈ ഏഴിന് സർക്കാർ പുറപ്പെടുവിച്ച ( അച്ചടി) 8/1999 പി.ആർ ഉത്തരവ് പ്രകാരം 1999 ഏപ്രിൽ മാസം മുതൽ 15 ശതമാനം തുക പത്രങ്ങളിൽ നിന്ന് സർക്കാർ ഈടാക്കി തുടങ്ങി.
എന്നാൽ നാളിത് വരെയും ഈ സംഖ്യ പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി തീരുമാനം കൈകൊള്ളണമെന്ന് പ്രസിഡന്റ് കെപി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.











