
തെക്കൻ ലെബനനിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ലബനനിലെ അൽ - അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീൽ(43) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൽ-തൈരി പട്ടണത്തിന് സമീപം സംഘർഷവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്.
അമാൽ ഖലീലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ സീനബ് ഫരാജും സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ വീട്ടിലേക്ക് ഇരുവരും ഓടിയെങ്കിലും, ആ വീടിനെയും ലക്ഷ്യമിട്ടതോടെ ഖലീലിന്റെ ജീവൻ നഷ്ടമായി. ഇതോടെ ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഖലീലിന്റെ മരണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. എന്നാൽ ങ്ങളുടെ ആക്രമണങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഏപ്രിൽ 16ന് ഇസ്രായേലും ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയും തമ്മിൽ നടന്നുവന്ന യുദ്ധം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ബുധനാഴ്ച്ച.










