04:58am 22 April 2025
NEWS
എന്റെ അച്ഛനെ കൊന്നതെന്തിന് ..? ഇടപ്പള്ളി രക്തസാക്ഷിയുടെ മകൻ ജോസ് കെ. മാത്യു
09/04/2025  05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എന്റെ അച്ഛനെ കൊന്നതെന്തിന് ..? ഇടപ്പള്ളി രക്തസാക്ഷിയുടെ മകൻ ജോസ് കെ. മാത്യു

പത്മവ്യൂഹത്തിനകത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങൾ ശ്രീകൃഷ്ണൻ പറഞ്ഞുകൊടുക്കവെ അർജുനൻ ഉറങ്ങിപ്പോവുകയും, അപ്പോൾ സുഭദ്രയുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥ ശിശുവായ അഭിമന്യു അത് മൂളിക്കേൾക്കുകയും ചെയ്തുവെന്നാണ് മഹാഭാരത കഥ. മൂളുന്നത് അർജുനനല്ലെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ പത്മവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴി പറയാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ഭൂമിയിൽ ജനിച്ച അഭിമന്യു യുവാവായിരിക്കെ മഹാഭാരത യുദ്ധത്തിൽ പത്മവ്യൂഹം തകർത്ത് അകത്തേക്ക് പ്രവേശിച്ചത് പഴയ ഗർഭസ്ഥശിശു കേട്ട പാഠങ്ങൾ പ്രകാരമായിരുന്നു. 

ഇതിഹാസങ്ങൾ ജീവിതത്തിലേക്കിറങ്ങി വരുന്ന ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിലൂടെയാണ് ആലപ്പുഴ പാതിരപ്പള്ളി കൂരൻവട്ടത്തറ വീട്ടിൽ ജോസ് കെ. എം. എന്ന ജോസ് കെ. മാത്യു കഴിഞ്ഞ 74 വർഷവും ജീവിച്ചത്. ജോസ് മാത്യു പത്മവ്യൂഹത്തിനകത്താണ്; കണ്ടിട്ടില്ലാത്ത അച്ഛന്റെ ഓർമ്മകൾ തീർത്ത പത്മവ്യൂഹത്തിനകത്ത്. 1950- ഫെബ്രുവരി 28-ന് നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കെ.ജെ. മാത്യു എന്ന കോൺസ്റ്റബിളിന്റെ മകനാണ് ജോസ് കെ. മാത്യു. 

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുക്കാൽ നൂറ്റാണ്ട് തികയുമ്പോൾ ജോസിന് പ്രായം 74. അച്ഛൻ കൊല്ലപ്പെടുമ്പോൾ അമ്മയുടെ വയറ്റിൽ ഒരു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവായിരുന്നു ജോസ്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ 75-ാം വാർഷികത്തിൽ ജോസ് ഇടപ്പള്ളി പൊലീസ് സ്റ്റേഷനു മുമ്പിലും പറവൂരിൽ അച്ഛനെ സംസ്ക്കരിച്ച സെമിത്തേരിയുടെ മുമ്പിലും പിതാവിന്റെ ചിത്രം പതിച്ച രണ്ട് ബാനറുകൾ ഉയർത്തി. പൊലീസ് സ്റ്റേഷനിൽ അച്ഛൻ മരിച്ച സ്ഥലം സന്ദർശിച്ചു. മുക്കാൽ നൂറ്റാണ്ടിനിപ്പുറവും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല ഇടപ്പള്ളി പൊലീസ് സ്റ്റേഷന്. ആക്രമണ സമയത്ത് വെട്ടേറ്റ പാട് ലോക്കപ്പിന് മുകളിൽ ഇപ്പോഴുമുണ്ട്. അച്ഛൻ വെട്ടേറ്റു മരിച്ച ഇടം ഇതാണെന്ന് ജോസിനറിയാം. പൊലീസ് യൂണിഫോമിലുള്ള ഒരു പഴയ ഫോട്ടോയും, ബ്രിട്ടീഷ് സർക്കാറിന്റെ കാലത്തെ ഒരു പൊലീസ് വിസിലും, അമ്മ പറഞ്ഞു കൊടുത്ത കുറച്ചു കാര്യങ്ങളുമാണ് ജോസിന് മാത്യു എന്ന തന്റെ അച്ഛൻ. പിന്നെ, നീതിക്കുവേണ്ടി പോരാടിയ കുറേ ഫയലുകളും പല കാലങ്ങളിലായി വന്ന ഏതാനും പത്രകട്ടിംഗുകളും ചേർന്നാൽ ജോസിന് അച്ഛനില്ലാത്ത മുക്കാൽ നൂറ്റാണ്ടായി. 

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം

1950 ഫെബ്രുവരി 28-നാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടന്നത്. കേരളത്തിലെ ആദ്യത്തെ പൊലീസ് സ്റ്റേഷൻ ആക്രമണമാണിത്. കമ്യൂണിസ്റ്റുകാരായിരുന്നു ആക്രമണത്തിന് പിന്നിൽ. ഇടപ്പള്ളി ആക്രമണത്തിന് ശേഷം പതിനെട്ടര വർഷങ്ങൾക്കപ്പറും 1968-നവംബർ 22-ന് തലശ്ശേരിയിലും നവംബർ 23-ന് പുൽപ്പള്ളിയിലും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. രണ്ട് സംഭവങ്ങളിലും നക്സലേറ്റുകളായിരുന്നു പിന്നണിയിൽ പ്രവർത്തിച്ചത്. 

മദ്രാസ് ഗവൺമെന്റിനെ അട്ടിമറിക്കാൻ റെയിൽവേ ഫാക്ടറിയിൽ ബോംബ് നിർമിച്ചെന്ന കുറ്റം ചുമത്തി 146 യൂണിയൻ നേതാക്കളെ പൊലീസ് പിടികൂടിയ 'ട്രിച്ചി ഗൂഢാലോചന'യെന്ന കേസിനെതിരെ 1950-മാർച്ച് ഒൻപതിന് രാജ്യവ്യാപകമായി റെയിൽവേ പണിമുടക്ക് നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതിന്റെ പശ്ചാതലത്തിൽ അതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മടങ്ങവെ ആലുവ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച നേതാവായ എൻ.കെ. മാധവനേയും വറീതു കുട്ടിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
 
അങ്കമാലി മുതൽ എറണാകുളത്തെ വടുതല വരെയുള്ള തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കാനായിരുന്നു ആലുവ പാർട്ടി കമ്മിറ്റിക്ക് മുകളിൽ നിന്നും ലഭിച്ച നിർദ്ദേശം. എറണാകുളത്തേക്ക് പോകുന്ന തീവണ്ടികളുടെ ഷണ്ടിംഗ് കേന്ദ്രമെന്ന നിലയിൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് അക്കാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. പണിമുടക്ക് തകർക്കാൻ അധികൃതർ ട്രെയിൻ ഓടിച്ചാൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം നടത്തി ട്രെയിൻ മറിക്കാൻ പദ്ധതിയിട്ടിരുന്നു. എൻ
. കെ. മാധവന്റെ അറിവോടെ കെ. സി. മാത്യുവാണ് പദ്ധതി ആവിഷ്ക്കരിച്ചത്. അതിനിടയിലാണ് നേതാക്കൾ അറസ്റ്റിലായത്. 
ഇതോടെ കമ്യൂണിസ്റ്റ് നേതാക്കളുടെ ശ്രദ്ധ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറി. അങ്ങനെയാണ് പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും അറസ്റ്റിലായ രണ്ടു നേതാക്കളെയും മോചിപ്പിക്കാനും തീരുമാനിച്ചത്.  നേതാക്കളെ പൊലീസ് ലോക്കപ്പിലാക്കിയതിനാൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാരും കൂടുതൽ ജാഗ്രതയുമുണ്ടായിരുന്നു. സ്റ്റേഷനു മുമ്പിലെ ചെറിയ ബൾബ് മാറ്റി വലിയ പവറുള്ള ബൾബ് ഘടിപ്പിച്ചിരുന്നു. പാറാവ് ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിൾ മാത്യു നിറത്തോക്കുമായി സ്റ്റേഷനു മുമ്പിലുണ്ടായിരുന്നു. 

അന്നു രാത്രി തന്നെ ആലുവയിലേക്ക് മാറ്റേണ്ടിയിരുന്ന നേതാക്കളെ ഹെഡ്കോൺസ്റ്റബിൾ കൃഷ്ണപിള്ള നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ഇടപ്പള്ളിയിലെ ലോക്കപ്പിൽ തന്നെ സൂക്ഷിച്ചത്. എറണാകുളത്തും കളമശ്ശേരിയിലും റിസർവ് പൊലീസ് ക്യാമ്പുണ്ടെന്നതും ഇടപ്പള്ളിയിലെ പൊലീസുകാർക്ക് ധൈര്യം നൽകിയിട്ടുണ്ടാകും.  പൊലീസ് സ്റ്റേഷനിൽ നിന്നും ഏതാനും മീറ്ററകലെയുള്ള പ്രധാന റോഡ് മുറിച്ചു കടന്ന് പോണേക്കര ഭാഗത്തു നിന്നുമാണ് കമ്മ്യൂണിസ്റ്റ് സംഘം കടന്നെത്തിയത്. ഇവർ വരുന്നത് പാറാവ് നിൽക്കുന്ന മാത്യുവിന് കാണാനും സാധിക്കുമായിരുന്നു. 

കെ.സി. മാത്യുവിന്റെ നേതൃത്വത്തിൽ എം.എം. ലോറൻസ്, വി വിശ്വനാഥമേനോൻ, കെ.യു. ദാസ് തുടങ്ങി 17 പേർ അടങ്ങിയ സംഘമാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരി 28 ന് രാത്രി പത്തുമണിയോടെ അതിക്രമിച്ചെത്തിയത്. രണ്ട് വാക്കത്തി, കുറച്ചു വടികൾ, ഒരു കൈബോംബ് എന്നിവയായിരുന്നു സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ. കമ്മ്യൂണിസ്റ്റുകാർ അതിക്രമിച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ട മാത്യു അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഡ്യൂട്ടിയിലില്ലാതെ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്തിരുന്ന പൊലീസുകാരെയെല്ലാം ഉണർത്തി ജാഗ്രത്താക്കിയെങ്കിലും അക്രമികളെ കണ്ട പലരും ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. സ്റ്റേഷനിലേക്കെറിഞ്ഞ കൈബോംബ് പൊട്ടിയില്ല. കെ.സി. മാത്യുവിന്റെ നെഞ്ചിലേക്ക് കോൺസ്റ്റബിൾ മാത്യു തോക്കിന്റെ ബയണറ്റ് കുത്തിപ്പിടിച്ചെങ്കിലും കൂടുതൽ പേരുടെ ആക്രമണം തടയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ലോക്കപ്പിന് സമീപം കോൺസ്റ്റബിൾ മാത്യുവും അധികാരികളെ ടെലിഫോണിൽ വിവരം അറിയിക്കാൻ എസ് ഐയുടെ മുറിയിലേക്ക് കയറിയ സ്റ്റേഷൻ ചാർജുള്ള കോൺസ്റ്റബിൾ വേലായുധനും അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ലോക്കപ്പ് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെ പതിനഞ്ച് മിനുട്ടിനകം ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. നേതാക്കളെ രക്ഷപ്പെടുത്താൻ സാധിച്ചാലും ഇല്ലെങ്കിലും സ്റ്റേഷനിൽ അധിക സമയം ചെലവഴിക്കാൻ പാടില്ലെന്ന നിർദ്ദേശം അന്നത്തെ ആക്രമികൾക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ പൊലീസുകാർക്ക് സ്ഥലത്തെത്താൻ അധിക സമയം വേണ്ടെന്നതായിരുന്നു അതിന് കാരണം. 

ലോക്കപ്പ് പൂട്ടി താക്കോലുമായി കോൺസ്റ്റബിൾ കൃഷ്ണപിള്ള വീട്ടിൽ പോയിരുന്നുവെന്നും, അതല്ല കൊല്ലപ്പെട്ട കോൺസ്റ്റബിൾ മാത്യുവിന്റെ യൂണിഫോമിന്റെ കീശയിലായിരുന്നു താക്കോൽ എന്നും പറയുന്നുണ്ട്. രണ്ടായാലും അതിശക്തമായ ലോക്കപ്പ് പൊളിക്കാൻ അക്രമികൾക്ക് കഴിഞ്ഞില്ല. അന്ന് ലോക്കപ്പ് തകർക്കാൻ ശ്രമിച്ച അടയാളമാണ് ഇപ്പോഴും ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലുള്ളത്. ആ അടയാളത്തിനു മുമ്പിലാണ് മുക്കാൽ നൂറ്റാണ്ടിനിപ്പുറം ജോസ് അച്ഛന്റെ ഓർമകൾക്കു മുമ്പിൽ നിന്നത്. 

അച്ഛനെക്കുറിച്ചറിഞ്ഞത് നാലാം ക്ലാസിൽ

ജോസ് കെ. മാത്യു എന്ന തന്റെ പേരിന് പിന്നിലെ മാത്യു തന്റെ അച്ഛനാണെന്നും, അദ്ദേഹം മരിച്ചു പോയെന്നും ജോസ് അറിഞ്ഞത് നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു. ഭർത്താവിന്റെ മരണശേഷം കോൺസ്റ്റബിൾ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി വടക്കൻ പറവൂരിലെ കൂരൻവട്ടത്തറ വീട്ടിൽ നിന്നും തന്റെ വീടായ ചേർത്തലയിലെ വെളിയിൽ പറമ്പിലേക്ക് താമസം മാറി. അതുകൊണ്ടുതന്നെ ജോസിന്റെ ജനനവും വളർച്ചയുമെല്ലാം മുത്തച്ഛൻ റിട്ടയേർഡ് സ്കൂൾ അധ്യാപകൻ പൈലോ സാറിന്റേയും മാതൃസഹോദരങ്ങളുടേയും സംരക്ഷണയിലായിരുന്നു. നാട്ടുപ്രമാണിയായ മുത്തച്ഛന്റെ മടിയിൽ കയറിയിരുന്നും, സ്കൂളിൽ പോയും വളർന്ന ജോസ് യാദൃച്ഛികമായാണ് തന്റെ അച്ഛന്റെ മരണ വിവരം അറിഞ്ഞതും അച്ഛന്റെ വീട് വടക്കൻ പറവൂരിലാണെന്ന് തിരിച്ചറിഞ്ഞതും. 

കഫ്ലിംഗ് ഷർട്ടും വെസ്റ്റെന്റ് പോക്കറ്റ് വാച്ചും ചുമലിൽ ഷാളുമിട്ടു നടക്കുന്ന പൈലോസാറിനെ നാട്ടുകാർക്കെല്ലാം ബഹുമാനമായിരുന്നു. മുത്തച്ഛന്റെ കയ്യിൽ തോക്കുണ്ടാകുമായിരുന്നു. ചേർത്തലയിലെ പ്രമാണിമാരിലൊരാളായ പൈലോ സാർ നല്ല വേട്ടക്കാരൻ കൂടിയായിരുന്നു. മുത്തച്ഛന് കുടുംബ സ്വത്തിനേക്കാൾ കൂടുതലുണ്ടായിരുന്നത് ശിഷ്യ സമ്പത്തായിരുന്നു. 

കോൺസ്റ്റബിൾ മാത്യുവിന്റെ മരണത്തെ തുടർന്ന് നിരന്തര അഭ്യർഥനയ്ക്കും, അഡ്വ. ജോസഫ് കുന്നംപുറത്തിന്റെ ഇടപെടലിന്റേയും ഫലമായി മറിയക്കുട്ടിക്കും കുഞ്ഞുജോസിനും സർക്കാർ പെൻഷൻ അനുവദിച്ചിരുന്നു. കംപാഷ്യനേറ്റ് അലവൻസ് എന്നായിരുന്നു അതിന്റെ പേര്. 1953-ൽ പെൻഷൻ അനുവദിച്ച കാലത്ത് മറിയക്കുട്ടിക്ക് 10 രൂപയും ജോസിന് 5 രൂപയുമായിരുന്നു അലവൻസ്. തന്നേയും കൂട്ടി അമ്മ അലവൻസ് വാങ്ങാൻ പോയിരുന്നതും വരുന്ന വഴിയിൽ എന്തെങ്കിലുമൊക്കെ ഭക്ഷണം വാങ്ങി ദരിദ്രർക്ക് നൽകിയിരുന്നതുമെല്ലാം ജോസിന് ഇന്നലെയെന്ന പോലെ ഓർമയുണ്ട്.  പരിപ്പുവടയും ഉണ്ണിയപ്പവുമെല്ലാം വാങ്ങി സമീപത്തെ ആശുപത്രിയിൽ പോയി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അമ്മ നൽകിയിരുന്നു. മടങ്ങുന്ന വഴിയിൽ ഇളയമ്മയുടെ വീട്ടിലും കയറിയിരുന്നതായി ജോസ് ഓർക്കുന്നു. 

പുറത്ത് നിശ്ശബ്ദയായി രുന്നെങ്കിലും രാത്രി കാലങ്ങളിൽ അമ്മ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നത് ജോസിന്റെ ബാല്യകാല ഓർമ്മകളിലുണ്ട്. ഇരുപത്തിയെട്ടാം വയസ്സിൽ വിധവയാകേണ്ടിവന്ന യുവതിക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ എന്തെല്ലാ മായിരിക്കുമെന്ന് ജോസിന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചറിയാനാകുന്നുണ്ട്. വിധവ അശുഭകരമാണെന്ന ചിന്തയുണ്ടായിരുന്ന കാലത്ത് നല്ല ദിവസങ്ങളിലൊന്നും അമ്മ ആളുകളുടെ മുമ്പിലേക്ക് വരാതെ നോക്കിയിരുന്നുവെന്ന് ആ മകൻ വേദനയോടെ ഓർക്കുന്നു. അമ്മയുടെ സഹജീവി സ്നേഹം ജോസിനും പകർന്നു കിട്ടുകയും അദ്ദേഹവും സേവന രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ 74-ാം വയസ്സിലും പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. 

പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ ജോസിന്റെ അലവൻസ് നിർത്തലാക്കി. 1989 ജൂലൈ 16 ന് മരിക്കുവോളം മറിയക്കുട്ടിക്ക് അലവൻസ് കിട്ടിയിരുന്നു. മരിക്കുന്ന സമയത്ത് 200 രൂപയായിരുന്നു തുക ലഭിച്ചിരുന്നതെന്ന് ജോസ് ഓർക്കുന്നു. 

അച്ഛന്റെ വീടു തേടിയിറങ്ങിയ ബാലൻ

അച്ഛനെക്കുറിച്ച് അറിഞ്ഞതോടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു ആ ബാലൻ. അമ്മ നിധി പോലെ സൂക്ഷിച്ചിരുന്ന അച്ഛന്റെ മരണ വാർത്ത അടങ്ങിയ പത്രങ്ങൾ അങ്ങനെയാണ് ജോസ് കണ്ടത്. നസ്രാണി ദീപികയുടേയും മലബാർ മെയിലിന്റേയുമെല്ലാം പത്രകട്ടിംഗുകൾ അമ്മ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. കൂട്ടത്തിൽ പൊലീസ് യൂണിഫോമിലുള്ള അച്ഛന്റെ ഫോട്ടോയും കണ്ടു. ഏഴു പതിറ്റാണ്ടു കാലമായി ആ ഫോട്ടോ ജോസും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടപ്പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺസ്റ്റബിൾ മാത്യുവിനെ അടയാളപ്പെടുത്തുന്ന ഒരേയൊരു ചിത്രം. 

അച്ഛന്റെ വിവരങ്ങൾ അറിഞ്ഞ മകന് അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോകാതിരിക്കാനാവുമായിരുന്നില്ല. അങ്ങനെയാണ് അമ്മാവനോടൊപ്പം വടക്കൻ പറവൂരിലേക്ക് പോയത്. കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലെ 48-ാം നമ്പർ കുഴിമാടം കാണാനായി.  വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയും ഒരിക്കൽ ജോസ് അച്ഛന്റെ നാട്ടിലേക്ക് ബസ് കയറി. അച്ഛന്റെ വീട്ടിലെത്തിയപ്പോൾ അവിടെയുള്ളവരെല്ലാം ജീവകാരുണ്യ കോൺഗ്രസിന് പോയിരിക്കുകയായിരുന്നു. വീട്ടിനു മുമ്പിൽ എന്തുചെയ്യണ മെന്നറിയാതെ നിന്ന കുഞ്ഞു ജോസിനെ നാട്ടുകാർ കാണുകയും കോൺസ്റ്റബിൾ മാത്യുവിന്റെ മകനെ തിരിച്ചറിയുകയും ചെയ്തു.

ജ്യൂ സ്ട്രീറ്റിലെ പൗലോസ് ചേട്ടൻ ജോസിനെ കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുത്തു. കോൺസ്റ്റബിൾ മാത്യുവിന്റെ മകൻ വന്നതറിഞ്ഞ് നാട്ടുകാരിൽ പലരും തന്റെ ചുറ്റും കൂടിയതും വിശേഷങ്ങൾ ചോദിച്ചതും ജോസിന് ഓർമയുണ്ട്. സ്കൂൾ വേനലവധിക്കാലത്ത് പൗലോസ് ചേട്ടൻ ജോസിന്റെ വീട്ടിലേക്ക് കത്തയക്കും. എല്ലാവരും വന്നിട്ടുണ്ട്, നീയും വരണമെന്ന് ആവശ്യപ്പെട്ട്. ജോസ് അവിടേക്ക് ചെല്ലും. അച്ഛനില്ലാത്ത ബാല്യത്തിന് ചില വേനലവധികൾ അച്ഛന്റെ നാട്ടിലെ മധുരിക്കുന്ന ഓർമകളായി മാറിയത് അങ്ങനെയാണ്. 

പള്ളിക്കാർ എടുത്തുമാറ്റിയ രക്തസാക്ഷി ഫലകം

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ രക്തസാക്ഷി എന്ന് രേഖപ്പെടുത്തിയ ഫലകമുണ്ടായിരുന്നു സെന്റ് തോമസ് കോട്ടക്കാവ് പള്ളിയിലെ കുഴിമാടത്തിൽ. എന്നാൽ പിന്നീട് പള്ളിക്കാർ ആ ഫലകം എടുത്തുകളഞ്ഞു. തന്റെ അച്ഛനെ രേഖപ്പെടുത്തിയ ഫലകം പള്ളിക്കാർ എടുത്തു കളഞ്ഞത് ജോസിന് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. പല തവണ പള്ളിയും പട്ടക്കാരുമായി ജോസ് ബന്ധപ്പെട്ടെങ്കിലും ഫലകം മാറ്റിയതിന് തൃപ്തികരമായ ഒരുത്തരം അവരിൽ നിന്നും ജോസിന് ഇതുവരെ കിട്ടിയിട്ടില്ല. 

എന്തിനാണ് പള്ളിക്കാർ അങ്ങനെ ചെയ്തതെന്നും ജോസിന് അറിയില്ല. ഒരുപക്ഷേ, അവകാശം ചോദിച്ച് ജോസ് അച്ഛന്റെ കുടുംബങ്ങളെ ബന്ധപ്പെടുമെന്ന് അവർ ഭയന്നിരിക്കാമെന്ന് അദ്ദേഹം കരുതുന്നുണ്ട്. തനിക്ക് ആരുടേയും സ്വത്തുക്കളൊന്നും വേണ്ടെന്നും അമ്മയ്ക്കോ തനിക്കോ അവകാശപ്പെട്ടതൊന്നും അമ്മ ജീവിച്ചിരുന്ന കാലത്തു പോലും ചോദിക്കാൻ പോയിട്ടില്ലെന്നും ജോസ് പറയുന്നു. 
എങ്കിലും കുഴിമാടത്തിൽ അച്ഛന്റെ പേരെഴുതിയ ഫലകം വേണമെന്ന് ജോസ് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഈ 75-ാം വർഷത്തിലെങ്കിലും അതിന് സാധിക്കണമെന്നും അദ്ദേഹം പ്രാർഥിക്കുന്നുണ്ട്. അവകാശത്തിനോ അധികാരത്തിനോ അല്ല, ഇങ്ങനെയൊരു മനുഷ്യൻ വെറുതെ ജീവിച്ചു മരിച്ചു പോയതല്ല എന്ന് സമൂഹം ഓർത്തുവെക്കാൻ!

പള്ളിനാടകങ്ങളിലെ നടൻ; രാജൻ പി. ദേവിന്റെ എതിരാളി

ബാല്യം മുതൽ പള്ളിയും മഠങ്ങളും ആത്മീയതയു മായുമൊക്കെ ബന്ധപ്പെട്ടാണ് ജോസ് വളർന്നത്. അതുകൊണ്ടുതന്നെ പള്ളി നാടകങ്ങളിലെ സ്ഥിരം നടൻ കൂടിയായിരുന്നു ജോസ്. പ്രായമായ കഥാപാത്രങ്ങളോ പള്ളീലച്ചനോ ഒക്കെയായിരുന്നു ജോസ് സ്ഥിരമായി ചെയ്തിരുന്ന നാടകങ്ങൾ. പിന്നീട് നാടക- ചലച്ചിത്ര നടനായി മാറിയ രാജൻ പി ദേവിനോടൊപ്പവും അക്കാലത്ത് ജോസ് അഭിനയിച്ചിരുന്നു. രാജൻ പി ദേവ് ആദ്യമായി വില്ലനായി അഭിനയിച്ച നാടകത്തിൽ ജോസായിരുന്നു എതിർപക്ഷത്ത്. രാജൻ പി. ദേവ് കത്തിയെടുത്ത് ജോസിനെ കുത്തിയ രംഗം അഭിനയിച്ചപ്പോൾ തന്റെ ശരീരത്തിൽ ചെറിയൊരു പോറലുണ്ടായത് ജോസിപ്പോൾ ചിരിയോടെ ഓർത്തെടുക്കുന്നു. 
ചേർത്തല മുട്ടം പള്ളിയിലെ മുട്ടം മരിയൻ സൊസൈറ്റി എന്ന എം എം എസ് തിയേറ്റേഴ്സായിരുന്നു ജോസിന്റേയും രാജൻ പി ദേവിന്റേയുമൊക്കെ അങ്കത്തട്ട്. രാജൻ പി ദേവ് പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലേക്കും സിനിമയിലേക്കും ചേക്കേറി. ജോസ് പള്ളിയും തന്റെ ചുറ്റുപാടുമായി മുമ്പോട്ടു നീങ്ങി. 

പല ജോലികൾ ചെയ്ത കൗമാരക്കാരൻ

പഠിക്കുന്ന കാലത്തു തന്നെ പലവിധ ജോലികൾ ചെയ്തിരുന്നു ജോസ്. അമ്മാവൻമാരുടെ ജോലികളിൽ സഹായിക്കു ന്നതായിരുന്നു ആദ്യകാലത്തെ പ്രധാന തൊഴിലുകൾ. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ജോലികൾ അറിയാനും പഠിക്കാനും ചെയ്യാനും അദ്ദേഹത്തിനായി. കൊച്ചി ഹാർബർ ടെർമിനൽസിൽ ഗുഡ്സ് ക്ലാർക്കായി പോലും രണ്ടു മാസം ജോസ് ജോലി ചെയ്തു. 

തനിക്ക് ആശ്രിത ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പല തവണ സെക്രട്ടറിയേറ്റ് കയറിയിറങ്ങിയിട്ടുണ്ട് ജോസ്. കരുണാകരനും ഉമ്മൻചാണ്ടിക്കുമൊക്കെ തന്റെ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും കരുണാകരൻ മന്ത്രിസഭയിലാണ് തനിക്ക് ജോലി കിട്ടിയതെന്നും ജോസ് പറയുന്നു. എന്നാൽ അക്കാര്യത്തിൽ ജോസിന് ചെറിയൊരു ആശയക്കുഴപ്പമുണ്ട്. 1983-ൽ തനിക്ക് ജോലിക്കു കിട്ടുമ്പോൾ കരുണാകരൻ മന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നതെങ്കിലും അതിനു തൊട്ടുമുമ്പുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിൽ ഭരണം നിർവഹിച്ച ഇ കെ നായനാർ മന്ത്രിസഭ ജോലി അനുവദിച്ചിരുന്നതായും അദ്ദേഹം കേട്ടിട്ടുണ്ട്. 1983-ൽ പി ഡബ്ല്യു ഡിയിലാണ് ജോസ് മാത്യു ജോലിക്ക് കയറിയത്. 

സേവന നിരതമായ ജീവിതകാലം

ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ട കോൺസ്റ്റബിൾ മാത്യുവിന്റെ മകൻ മാത്രമല്ല അന്ന് കേസിലകപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കളും തന്റേതു പോലുള്ള അവസ്ഥയി ലൂടെയായിരിക്കണം കടന്നു പോയിരുന്നതെന്ന് ജോസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ അച്ഛൻ കൊല്ലപ്പെട്ടതാണെങ്കിൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തവരെല്ലാം ഒളിവിലോ ജയിലിലോ ആയി. ഫലത്തിൽ അവരുടെ മക്കളും പിതാവിന്റെ സ്നേഹമറിയാതെ വളരാൻ വിധിക്കപ്പെട്ടവരായി. തങ്ങളെല്ലാം ഒരേ ബാല്യം കടന്നുപോയവരാണെന്ന വലിയ സിദ്ധാന്തം ജോസിനെ പഠിപ്പിച്ചത് അമ്മയുടെ ജീവിതവും കാലവുമായിരുന്നു. 

മതിലകം കുഷ്ഠരോഗാശുപത്രി സന്ദർശിച്ചും പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിൽ സേവനം ചെയ്തും അതിന്റെ തലപ്പത്ത് കാര്യങ്ങൾ നിയന്ത്രിച്ചുമെല്ലാം ജോസ് ഇപ്പോഴും സജീവമാണ്. 'അപരനെ സ്വന്തമായി സ്വീകരിക്കുക' എന്ന നിലപാടാണ് അദ്ദേഹം ജീവിതത്തിലുടനീളം സ്വീകരിക്കുന്നത്. 

ചരിത്ര സന്ധികളെ നേരിട്ട ദമ്പതികൾ

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ രക്തസാക്ഷിയുടെ മകനാണ് ജോസ് കെ മാത്യുവെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ മേരി ഗ്രേസ് പുന്നപ്ര-വയലാർ സമരകാലത്ത് കമ്യൂണിസ്റ്റുകാരുടെ ശത്രുതയ്ക്ക് ഇരയായ പുന്നപ്ര അരശർകടവിൽ കുടുംബാംഗമാണ്. റിട്ടയേർഡ് അധ്യാപികയാണ് മേരി ഗ്രേസ്. കൗതുകം എന്തെന്നാൽ സഹജീവി സ്നേഹത്തിന്റെ ആത്മീയത മാത്രമല്ല അതേ സ്നേഹത്തിന്റെ കമ്യൂണിസ്റ്റ് വിപ്ലവവും ഉള്ളിൽ പേറുന്നുണ്ട് ജോസ് കെ മാത്യു. 
ബംഗളൂരുവിൽ അധ്യാപകനായ മാത്യു, യു കെയിൽ മെക്കാനിക്കൽ എൻജിനിയറായ വിൽസൺ, ബംഗളൂരുവിൽ ഇലക്ട്രിക്കൽ എൻജിനീയറായ മറിയം എന്നിവരാണ് ജോസ് മേരി ഗ്രേസ് ദമ്പതികളുടെ മക്കൾ. 

താനറിയാതെ തന്റെ മേൽ വന്നുപതിച്ച വിധിയോട് ജോസ് കെ മാത്യുവിന് പരിഭവമൊന്നുമില്ല. തനിക്ക് ലഭിക്കാതെ പോയത് വിദ്വേഷമായി ലോകത്തിന് മുമ്പിലെ നിഷേധിയാകാനല്ല പകരം അമ്മ മറിയക്കുട്ടി ചേർത്തുപിടിച്ചു കാണിച്ച സ്നേഹവഴിയിൽ പൂക്കൾ വിതറി നടക്കാനാണ് ഈ മനുഷ്യൻ പഠിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ മുമ്പിലെത്തുന്നവരോടെല്ലാം ഈ മനുഷ്യൻ ചിരിച്ചുകൊണ്ട് സംസാരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img