
കേരള കോൺഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന പാലാ തിരിച്ചുപിടിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായതോടെയാണ് ഇത്തരമൊരു ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തി കേരള കോൺഗ്രസ് പാലായിൽ ശക്തിപ്രകടനം നടത്തിയിരുന്നു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിലായിരുന്നു പാലായിൽ യുവജന റാലി സംഘടിപ്പിച്ചത്.
പാലാ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് യുവജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷമായി പാലായിൽ വികസനമുരടിപ്പാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. അതിൽ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് പാലായിൽ വീണ്ടും ജോസ് കെ മാണി അങ്കത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമാകുന്നത്.
കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായിൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോൺഗ്രസിന്റെ പരാജയം. എന്നാൽ 2021 എൽഡിഎഫ് പാളയത്തിൽ എത്തിയ കേരള കോൺഗ്രസ് മാണി വിഭാഗം ജോസ് കെ മാണിയെ തന്നെ മത്സര രംഗത്തിറക്കിയിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. ജോസ് കെ മാണി പാലായിൽ പരാജയപ്പെട്ടത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.
നേരത്തെ കടുത്തുരുത്തി മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവർത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോൺഗ്രസ് എമ്മിന് സാധിച്ചിരുന്നു.







