09:04am 12 November 2026
NEWS
മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളിൽ‌ വ്യക്തത വരുത്തി ജോസ് കെ മാണി
16/12/2025  03:31 PM IST
nila
മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളിൽ‌ വ്യക്തത വരുത്തി ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ പരാജയത്തിന് പിന്നാലെ കേരള കോൺ​ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്ന തരത്തിൽ പ്രചാരണം ശക്തമായിരുന്നു. എന്നാൽ, മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ജോസ് കെ മാണി പൂർണമായും തള്ളി.  ജനവിധി കൃത്യമായി സ്വീകരിച്ച് വീഴ്ചകൾ വിലയിരുത്തി തിരുത്തുമെന്നും അദ്ദേഹം ഇടതുമുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. 

പാലാ ഉൾപ്പെടെ മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സംഘടനാത്മക ഭദ്രത നിലനിർത്താൻ കഴിഞ്ഞുവെന്നും ജോസ് കെ. മാണി അവകാശപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല; പരുന്തിന്റെ പുറത്തുള്ള കുരുവി എന്ന നിലയിലാണ് ജോസഫ് ഗ്രൂപ്പിന്റെ അവസ്ഥയെന്നും ജോസ് കെ. മാണി പറഞ്ഞു.

ജോസ് കെ മാണിയുടെ വാക്കുകൾ ഇങ്ങനെ:  

‘‘പാലായിലും തൊടുപുഴയിലും രണ്ടില കരിഞ്ഞുപോയി എന്നാണല്ലോ ഇപ്പോൾ വലിയ ചർച്ച. എന്നാൽ പാലാ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേതു പോലെ തന്നെ രണ്ടില ചിഹ്നത്തിൽ ഇത്തവണയും പത്തു സീറ്റിൽ വിജയിച്ചിട്ടുണ്ട്. പാർട്ടിക്കു തന്നെയാണ് കേവലഭൂരിപക്ഷം. തദ്ദേശതിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ 2198 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഫിനു ലഭിച്ചിട്ടുണ്ട്. ഈ വീമ്പടിക്കുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ജോസഫ് ഗ്രൂപ്പ് 38 വാർഡിൽ ആകെ ജയിച്ചത് രണ്ടിടത്തു മാത്രമാണ്. 80ൽ തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം ഒരു തവണ പോലും ജോസഫ് ഗ്രൂപ്പിന് അവിടെ ചെയർമാൻ സ്ഥാനം ഉണ്ടായിട്ടില്ല. എന്നാൽ കേരളാ കോൺഗ്രസ് എം മൂന്നു തവണ വന്നിട്ടുണ്ട്. പാലായിൽ സംഘടനാപരമായി ഒരു വീഴ്ചയും വന്നിട്ടില്ല. അതേസമയം കോട്ടയം ജില്ലാ പഞ്ചായത്തിൽ തിരിച്ചടി ഉണ്ടായി. സംസ്ഥാനത്താകെ കുറച്ചു വോട്ടുകൾ യുഡിഎഫിലേക്കു പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം ഇപ്പോഴും എൽഡിഎഫിന്റെ കൈയിലാണ്. ജനവിധി വിനയത്തോടെ സ്വീകരിച്ച് വീഴ്ചകൾ പരിശോധിച്ച് തിരുത്തും’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img