04:48pm 12 November 2026
NEWS
മുന്നണി മാറ്റം സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
14/01/2026  12:45 PM IST
nila
മുന്നണി മാറ്റം സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം പരിഗണിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിൽ തന്നെ തുടരുമെന്ന നിലപാട് വീണ്ടും ആവർത്തിച്ച അദ്ദേഹം, ഇത്തരം ചർച്ചകൾ ആരാണ് ഉന്നയിക്കുന്നതെന്നും തങ്ങളെയോർത്ത് അനാവശ്യ ആശങ്ക വേണ്ടെന്നും പറഞ്ഞു.

കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. ആരെങ്കിലും ഒപ്പം വരണമെന്ന് ആവശ്യപ്പെടുന്നതിനെ എന്തിനാണ് കേരള കോൺഗ്രസിനെതിരെ കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ച അദ്ദേഹം, ഇത് പാർട്ടിയുടെ രാഷ്ട്രീയ ബലത്തിന്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു.

ഇപ്പോൾ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ച ഉയരുന്നത് എന്തിനാണെന്ന് ചോദിച്ച ജോസ് കെ. മാണി, കേരള കോൺഗ്രസിന് ഒരേയൊരു നിലപാടേയുള്ളൂവെന്നും അത് ഇടതുപക്ഷത്തിനൊപ്പമാണെന്നും വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് ഉണ്ടായിരുന്ന 110 സീറ്റുകളുടെ പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പോടെ 80 ആയി കുറഞ്ഞതിലുള്ള ആശങ്കയാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ സത്യാഗ്രഹം നടന്ന സമയത്ത് താൻ ദുബായിലായിരുന്നു. പിതാവിന്റെയും തന്റെയും സുഹൃത്തായ ആൾ അവിടെ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാൻ കുടുംബത്തോടൊപ്പം പോയതായിരുന്നു താൻ. അത് ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചതാണ്. കേരള കോൺഗ്രസിന്റെ എംഎൽഎമാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. താൻ എവിടെയെങ്കിലും പോകുകയാണെങ്കിൽ അത് എല്ലായ്‌പ്പോഴും മാധ്യമങ്ങളെ അറിയിക്കുക സാധ്യമല്ലെന്നും ജോസ് കെ മാണി വിമർശിച്ചു.

കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിലേക്ക് വരണമെന്ന് യുഡിഎഫ് അടക്കം ആവശ്യപ്പെട്ടാൽ തങ്ങളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി ചോദിച്ചു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ടാണ് മറ്റ് മുന്നണികൾ അവരുടെ ആവശ്യം ഉന്നയിക്കുന്നത്. പാർട്ടിക്കുള്ളിൽ പലതരത്തിലുള്ള അഭിപ്രായമുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണ് ഇല്ലാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് പല അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അവയെ ക്രോഡീകരിച്ച് പാർട്ടി ഒരു തീരുമാനത്തിൽ എത്തുകയാണ് ചെയ്യുന്നത്. പാർട്ടി ഒരു തീരുമാനം എടുത്താൽ അഞ്ച് എംഎൽഎമാരും അതിനൊപ്പം നിൽക്കും. അക്കാര്യത്തിൽ സംശയം വേണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

എൽഡിഎഫിനകത്ത് ഇരിക്കുമ്പോൾ അവർ ചെയ്യുന്നത് എല്ലാം നല്ലതാണെന്ന് ഘടകക്ഷികൾക്ക് പറഞ്ഞുപോകാൻ കഴിയുമോ എന്ന് ജോസ് കെ മാണി ചോദിച്ചു. യുഡിഎഫിന്റെ കാര്യവും സമാനമാണ്. അതിൽ ഒരു ഹെൽത്തി ഡിസ്‌കഷൻ നടക്കണം. അതിൽ എന്താണ് പ്രശ്‌നം. പാർട്ടിക്കുള്ളിൽ പല ചർച്ചകളും നടക്കും. അതിൽ മുന്നണി മാറ്റം മാത്രമല്ലയുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്.  5 വർഷം മുൻപ് ഞങ്ങളെ  യുഡിഎഫ് പുറത്താക്കി. അതിനുശേഷം എൽഡിഎഫിനൊപ്പം ചേരാൻ ഞങ്ങൾ നിലപാടെടുത്തു. അതിൽ ഉറച്ചുനിൽക്കും. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളും ജോസ് കെ. മാണി തള്ളി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img