
റിയാദ്/ദോഹ : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി 12 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ റിയാദിൽ അടിയന്തര കൺസൾട്ടേറ്റീവ് യോഗം ചേർന്നു. ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യോഗം സംയുക്തമായി അപലപിച്ചു.സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) അടിയന്തരമായി നടപ്പിലാക്കാനും അയൽരാജ്യങ്ങൾക്കെതിരായ ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കാനും ഇറാനോട് ആവശ്യപ്പെട്ടു.
സിവിലിയൻ കേന്ദ്രങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇത്തരം നീക്കങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ (Self-defense) രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും യോഗം ഓർമ്മിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സായുധ സംഘങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി.മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, 12 രാജ്യങ്ങൾ റിയാദിൽ ഒത്തുചേർന്നത് ഇറാനെതിരെയുള്ള വലിയൊരു നയതന്ത്ര നീക്കമായാണ് കാണുന്നത്.











