
ദോഹ: നന്മയുടെയും സഹാനുഭൂതിയുടെയും സന്ദേശവുമായി ലുലു ഹൈപ്പർമാർക്കറ്റ്. റമദാൻ മാസത്തിൽ ലുലു നടപ്പിലാക്കിയ ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ (Shop & Donate) എന്ന സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച 1.25 ലക്ഷം ഖത്തർ റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും ലോകമെമ്പാടുമുള്ള മാനുഷിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമാണ് ലുലു ഈ തുക നീക്കിവെച്ചിരിക്കുന്നത്.
ഡി-റിങ് റോഡിലെ ലുലു റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ലുലു ഖത്തർ റീജിയണൽ ഡയറക്ടർ ഷാനവാസ് പി.എം, ഖത്തർ ചാരിറ്റി ഡോണർ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ആമിർ മുഹമ്മദ് അൽ ബിസിരിക്ക് തുകയുടെ ചെക്ക് കൈമാറി.റമദാൻ നാളുകളിൽ ഓരോ ഉപഭോക്താവും നടത്തിയ പർച്ചേസിംഗിന്റെ ഒരു വിഹിതം ചാരിറ്റിക്കായി നീക്കിവെക്കുന്നതായിരുന്നു ലുലുവിന്റെ പദ്ധതി. സാധനങ്ങൾ വാങ്ങുന്നതിനോടൊപ്പം മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചമാകാൻ കൂടി ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിച്ചു.മാനവികതയുടെ ഈ വലിയ യാത്രയിൽ ഖത്തർ ചാരിറ്റിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത്തരം പദ്ധതികൾ വഴി ഞങ്ങളുടെ ഓരോ ഉപഭോക്താവിനും കാരുണ്യപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്നുണ്ടെന്ന് ചെക്ക് കൈമാറിക്കൊണ്ട് ഷാനവാസ് പി.എം പറഞ്ഞു.ലുലുവും ഖത്തർ ചാരിറ്റിയും തമ്മിലുള്ള സുശക്തമായ ബന്ധം എട്ടു വർഷങ്ങൾ പിന്നിടുകയാണ്. പേയ്‌മെന്റ് കൗണ്ടറുകൾ വഴിയുള്ള സംഭാവനകളും 'ഖൈർ കാർഡുകളും' (Khair Cards) വഴി ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ കൂട്ടായ്മ സഹായമെത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉത്തമ മാതൃകയാണ് ലുലുവിന്റെ ഈ പ്രവർത്തനം എന്ന് ആമിർ മുഹമ്മദ് അൽ ബിസിരി നന്ദിപൂർവ്വം സ്മരിച്ചു.
നാടിന്റെ നന്മയ്ക്കായി ഖത്തർ ചാരിറ്റി നടപ്പിലാക്കുന്ന വരുംകാല പദ്ധതികളിലും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ലുലു മാനേജ്‌മെന്റ് ഉറപ്പുനൽകി.










