
ദോഹ:ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ മുതിർന്നമാധ്യമപ്രവർത്തകനും മനോരമ ന്യുസിന്റെ ന്യുസ് ഡയറക്ടറുമായ ജോണി ലൂക്കോസിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്നേഹാദരവ് നൽകി. സോഷ്യൽ മീഡിയ കാലത്ത് മറ്റുള്ളവരുടെ പിഴവുകൾക്ക്പോലും മാധ്യമപ്രവർത്തകർ പഴികേൾക്കുന്ന സ്ഥിതിയാണെന്ന് ജോണി ലൂക്കോസ് പറഞ്ഞു. ഏറ്റവും സാധാരണ ജനങ്ങളുടെ മതേതരസ്വഭാവമാണ് സമീപകാലത്ത് നടന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും ഐ എം എഫ് അംഗങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജെൻസിതലമുറയ്ക്ക് മാധ്യമപ്രവർത്തനത്തോട്താല്പര്യം കുറഞ്ഞുവരുന്നതിന് തെളിവാണ് ജേർണ്ണലിസം കോഴ്സ്കളിലെ വിദ്യാർത്ഥികളുടെ അനുപാതത്തിലെ കുറവെന്ന് ജോണി ലൂക്കോസ് അഭിപ്രായപെട്ടു.പത്രങ്ങൾ ഡിജിറ്റലൈസിലാണ് ഭാവി ഫോക്കസ് ചെയ്യുന്നതെന്നും, ടെലിവിഷൻ പ്രേക്ഷകർ മൊബൈൽ സ്ക്രീൻ പ്രേക്ഷകരായി മാറികൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ ടെലിവിഷൻ രംഗം കണ്ടന്റ് പ്രൊഡക്ഷൻ ഹൗസുകൾ ആയി മാറിയേക്കാമെന്നും പറഞ്ഞ ജോണി ലൂക്കോസ് കേരളത്തിൽ മൂന്നോ നാലോ ചാനലുകൾ മാത്രമാകും നഷ്ട്ടമില്ലാതെ പോകുന്നതെന്നും അഭിപ്രായപെട്ടു.കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ജോണിലൂക്കോസിന് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറിഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി,എക്‌സി : അംഗം ആർ ജെ നിസ എന്നിവർ നേതൃത്വംനൽകി.










