
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന് മുൻകാല അമേരിക്കൻ പ്രസിഡന്റുമാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലവട്ടം അഭ്യർത്ഥിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞത്. ഡൊണാൾഡ് ട്രംപിന് മുമ്പ് അധികാരത്തിലിരുന്ന മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരോട് ഇറാനെ ആക്രമിക്കാൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു എന്നാണ് ജോൺ കെറിയുടെ വെളിപ്പെടുത്തൽ.
ഒബാമയോടും ബുഷിനോടും ബൈഡനോടും നെതന്യാഹു യുദ്ധത്തിന് നിർദ്ദേശിച്ചു എന്നാണ് ജോൺ കെറി പറയുന്നത്. എന്നാൽ, സമാധാനപരമായ മാർഗങ്ങൾ മുഴുവൻ പരീക്ഷിച്ചശേഷം മാത്രമേ യുദ്ധത്തിലേക്ക് നീങ്ങാവൂ എന്ന നിലപാടിൽ അവർ ഉറച്ചുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്നുള്ള പ്രധാന പാഠം ജനങ്ങളോട് സത്യസന്ധമായിരിക്കണമെന്നതാണ് എന്നും വിയറ്റ്‌നാം യുദ്ധസേനാനിയായ കെറി അഭിപ്രായപ്പെട്ടു.
അതേസമയം, ഇറാനിൽ ഭരണകൂട മാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക നീക്കത്തിന് സമ്മതിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 ഫെബ്രുവരി 11ന് നടന്ന ചർച്ചയിൽ ട്രംപ് ഇതിന് അനുകൂല നിലപാട് സ്വീകരിച്ചെന്നും, യുഎസ്–ഇസ്രയേൽ സംയുക്ത സൈനിക നടപടിക്ക് പിന്തുണ നൽകിയെന്നും പറയുന്നു.
ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും നെതന്യാഹുവും തമ്മിൽ അടുത്തിടെ നടന്ന ഫോൺ സംഭാഷണം കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചതായും റിപ്പോർട്ടുണ്ട്. ഇറാനിലെ ഭരണകൂട മാറ്റം വളരെ എളുപ്പമാണെന്ന നെതന്യാഹുവിന്റെ വിലയിരുത്തലിനെ വാൻസ് ശക്തമായി ചോദ്യം ചെയ്തതായും, യുദ്ധത്തിന് മുൻപ് ഈ വിഷയം ലഘൂകരിച്ച് അവതരിപ്പിച്ചു എന്നുമാണ് വിമർശനം ഉയർന്നത്.










